
അധികൃതരുടെ അവഗണനയിൽ പഴയ പ്രതാപം നഷ്ടപ്പെട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ എറണാകുളം ചെറായി ബീച്ച്. പൊട്ടിപ്പൊളിഞ്ഞ നടപ്പാത നന്നാക്കാനോ പ്രവർത്തിക്കാത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാനോ നടപടിയില്ല. മുനമ്പം, കുഴുപ്പിള്ളി ബീച്ചുകൾ സൗന്ദര്യവൽക്കരിച്ചതോടെ ചെറായി ബീച്ച് സന്ദർശിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ട്.
അവധി ദിവസങ്ങളിൽ മാത്രമല്ല എല്ലാ വൈകുന്നേരങ്ങളിലും സന്ദർശകർ തിങ്ങി നിറഞ്ഞിരുന്ന കടൽത്തീരമായിരുന്നു ചെറായി ബീച്ച്. പക്ഷേ അതെല്ലാം പഴയ കഥ. നിലവില്‍ ബീച്ചില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് സന്ദർശകരെ അകറ്റി നിര്‍ത്തുകയാണ്. കടൽക്ഷോഭത്തിൽ പ്രധാന നടപ്പാതയിലേക്കുള്ള പടവുകൾ പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. നാലുവർഷത്തിലേറെയായി കണ്ണടച്ചു നിന്ന ഹൈമാസ്റ്റ് ലൈറ്റുകൾ അവസാനം മണലിലേക്ക് കൂപ്പുകുത്തി വീണു. അവ എടുത്തു നീക്കിയതല്ലാതെ മാറ്റി സ്ഥാപിക്കണമെന്ന് അധികാരികൾക്ക് തോന്നിയില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഉദ്ഘാടനത്തിന് മുൻപേ ഒടിഞ്ഞു തൂങ്ങി.
നാട്ടുകാരും സന്ദർശകരും തുടരെത്തുടരെ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. സമീപമുള്ള മുനമ്പം, കുഴുപ്പിള്ളി ബീച്ചുകൾ സൗന്ദര്യവൽക്കരിച്ചതോടെ സന്ദർശകർ ചെറായി ബീച്ചിനെ ഉപേക്ഷിച്ചു തുടങ്ങി. കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ കയറാൻ വിനോദസഞ്ചാരികളുടെ തിരക്കാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനോടൊപ്പം കാലാനുസൃതമായ മാറ്റങ്ങളും കൊണ്ടുവന്നാലെ ചെറായി ബീച്ചിനും രക്ഷയുള്ളൂ.
Ernakulam Cherai Beach, one of the important tourist spots in the state, has lost its former glory due to neglect by the authorities.