vanitha-commission

TAGS

എറണാകുളം ജില്ലയിലെ തീരദേശത്തെ സ്ത്രീകളുടെ ജീവിതം നേരിട്ടറിഞ്ഞ് സംസ്ഥാന വനിത കമ്മിഷന്‍. ചെല്ലാനം, പശ്ചിമകൊച്ചി എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവ വര്‍ധിച്ചു വരികയാണെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ഇതേ കുറിച്ച് പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും പി. സതീദേവി പറഞ്ഞു.

ഇത് പതിനാറ് വയസുകാരി ശില്‍പ മേരി. ശില്‍പയുടെ ഈ കിടപ്പിനും അതേ പ്രായമാണ്. ഏഴ് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ വന്ന അപസ്മാരമാണ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച് ശില്‍പയെ ഈ അവസ്ഥയിലാക്കിയത്. ചെല്ലാനം തോപ്പിലിലെ പള്ളിപ്പറമ്പില്‍ ജോഷിയുടെയും ഡെല്‍ഫിയുടേയും മൂന്ന് മക്കളില്‍ മൂത്തവള്‍. തീരദേശത്തെ സ്ത്രീകളുടെ ജീവിതം നേരിട്ടറിയാനെത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷയും അംഗങ്ങളും ചെല്ലാനത്ത് രണ്ടാമതായി സന്ദര്‍ശിച്ചത് ശില്‍പയുടെ വീടായിരുന്നു. പ്രായമായ കിടപ്പ് രോഗികളായ സ്ത്രീകളെയടക്കം വനിതാകമ്മിഷന്‍ അധ്യക്ഷ കണ്ടു. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് ചോദിച്ച് മനസിലാക്കി. ചെല്ലാനത്തെ സ്ത്രീകളില്‍ ശ്വാസകോശ ത്വക് സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളായിരിക്കാം ത്വക് രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട്  ശാസ്ത്രീയ പഠനം നടത്തി സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കും.

ചെല്ലാനം മേഖലയില്‌ മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും ഉപയോഗം കൂടുതലാണെന്നും ഇതിന് തടയിടാന്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്നും മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ആവശ്യപ്പെട്ടു.  ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മിഷന്‍ അധ്യക്ഷ ഉറപ്പ് നല്‍കി.

The State Women's Commission directly knows the lives of coastal women