അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായ യുവാവിന് വീട് വയ്ക്കാൻ സൗജന്യമായി ഭൂമി നൽകി യുവാവിന്റെ മാതൃക . വടക്കൻ പറവൂർ കോഴിത്തുരുത്ത് സ്വദേശിയായ ഉമേഷിനാണ് നാട്ടുകാരൻ കൂടിയായ ജിജിമോൻ ഭൂമി നൽകിയത്.
മരപ്പണിക്കാരനിൽ നിന്ന് പൊടുന്നനെ വീൽ ചെയറിലേക്ക് ഒതുങ്ങിപ്പോയതാണ് ഉമേഷ് . ഇരുപത്തിയേഴാം വയസിലാണ് വടക്കൻ പറവൂർ പുത്തൻവേലിക്കരക്കാരൻ ഉമേഷ് ട്യൂമർ ബാധിതനായത്. നട്ടെല്ലിനെ ബാധിച്ച ടൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും അരയ്ക്ക് താഴെ ചലനശേഷി പൂർണമായും നഷ്ടമായി. കഴിഞ്ഞ 10 വർഷമായി മുളന്തുരുത്തിയിലെ സ്വാശ്രയ ട്രെയ്നിങ് ആന്റ് റിഹാബിലിറ്റേഷൻ സെന്ററിലാണ് ഉമേഷ്. കുടുംബ വീട്ടിലേക്ക് വഴിയില്ലാത്തതായിരുന്നു പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് നാട്ടുകാരനായ ജിജിമോൻ സഹായ ഹസ്തവുമായെത്തിയത്. തനിക്കുള്ള 50 സെന്റ് ഭൂമിയിൽനിന്ന് മൂന്ന് സെന്റ് ഉമേഷിന് വീട് നിർമിക്കാൻ വിട്ടു നൽകി.
നാട്ടുകാരുടെ സഹായത്തോടെ വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉമേഷ് .