
ആലുവയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തിരുവനന്തപുരം പാറശാല സ്വദേശി ക്രിസ്റ്റിന്‍രാജ്, ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മുസ്തഖിന്‍ മൊല്ല എന്നിവരാണ് പ്രതികള്‍. കുറ്റകൃത്യം നടന്ന് എഴുപത്തിനാലാം ദിവസമാണ് എറണാകുളം പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് ആലുവ എടയപ്പുറത്ത് ഇതരസംസ്ഥാനക്കാരുടെ മകളായ എട്ടുവയസുകാരി പീഡനത്തിനിരയായത്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി ക്രിസ്റ്റിന്‍രാജ് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍കേട്ട് നാട്ടുകാര്‍ ഉണര്‍ന്നതോടെ കുട്ടിയെ പാടത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടു. തുടര്‍ന്ന് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനുകീഴില്‍നിന്ന് അന്ന് ഉച്ചയ്ക്കുശേഷമാണ് ക്രിസ്റ്റിന്‍രാജ് പിടിയിലായത്.
കുട്ടിയെ പീഡിപ്പിച്ചതിനും, തട്ടിക്കൊണ്ടുപോയതിനും, മുറിവേല്‍പിച്ചതിനും, നഗ്നയാക്കി നടത്തിച്ചതിനുമടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച കേസില്‍ ശക്തമായ കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. ക്രിസ്റ്റിന്‍രാജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് മുസ്തഖിന്‍ മൊല്ലയെ പ്രതി ചേര്‍ത്തിരിക്കുന്നത്. ക്രിസ്റ്റിന്‍ മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകളും മറ്റും വാങ്ങി വില്‍പന നടത്തിയിരുന്നത് മുസ്തഖിന്‍ മൊല്ലയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകാര്യം ക്രിസ്റ്റിന്‍രാജ് സുഹൃത്തായ മുസ്തഖിന്‍ മൊല്ലയോട് പറഞ്ഞിരുന്നു. ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ചതിന് ഒരാഴ്ചമുന്‍പ് സമാനമായ രീതിയില്‍ പെരുമ്പാവൂരിലും ഇയാള്‍ പീഡനശ്രമം നടത്തിയിരുന്നു.
charge sheet will be submitted today in the case of molestation of an eight-year-old girl in Aluva