elephant (1)

ചികിൽസയുടെ പേരില്‍ ആനയെ ഏറ്റെടുക്കാന്‍ വനം വകുപ്പിന്റെ ഉത്തരവ്. തൃശൂർ ആമ്പല്ലൂരിലെ ഊട്ടോളി പ്രസാദ് എന്ന ആനയെ കോടനാട് ആന ചികിൽസാ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് ഉത്തരവ്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉടമ.

ഊട്ടോളി പ്രസാദ് എന്ന ആനയെ ഉടമയില്‍ നിന്നും ഏറ്റെടുത്ത് കോടനാട് ആന ചികിൽസാ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഇടതുമുന്‍കാലിന് വൈകല്യമുള്ള ആനയെ വിദഗ്ധ ചികിൽസക്കായി കോടനാട്ടേക്ക് മാറ്റാനാണ് ഉത്തരവ്. 2 ആഴ്ചക്കകം ആനയെ ഏറ്റെടുക്കാനും 2 മാസം ചികിൽസിച്ച് ആരോഗ്യപുരോഗതി വിലയിരുത്താനും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റർക്ക് നിര്‍ദ്ദേശവും നൽകി. 

ത്രിപുര ഹൈക്കോടതി രൂപവല്‍ക്കരിച്ച ഹൈ പവേഡ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. എന്നാൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉടമ. 20 വര്‍ഷത്തോളമായി പരിപാലിക്കുന്ന ആനയെ ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്. ആനയെ പരിചരിച്ചു പോകുന്നതിനിടെ ഇത്തരത്തില്‍ ഉത്തരവിറക്കിയത് ആനക്കടത്തിന് സഹായിക്കുന്ന ചില ഇടനിലക്കാര്‍ക്ക് വേണ്ടിയാണെന്നും ഉടമ ആരോപിച്ചു.

Forest department to take over the elephant in the name of treatment