രണ്ടാം കൃഷി സീസണിലെ നെൽവില ചൊവ്വാഴ്ചമുതല്‍ കർഷകർക്ക് നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല. ഇത്തവണയും പിആർഎസ് വായ്പയായി തന്നെയാണ് നെൽ വില കർഷകർക്ക് നൽകുന്നത്. അതേസമയം ആത്മഹത്യ ചെയ്ത കർഷകൻ K G പ്രസാദിന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കാത്തതിലും കർഷകർക്ക് അമർഷമുണ്ട്.
രണ്ടാം ക്യഷി സീസണിലെ നെൽ വില ചൊവ്വാഴ്ച മുതൽ നൽകുമെന്നാണ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചിരുന്നത്. 16000 ടൺ നെല്ലാണ് ഇതു വരെ സംഭരിച്ചത്. 50 കോടിയോളം രൂപയാണ് കർഷകർക്ക് ഇതുവരെ സംഭരിച്ച നെല്ലിന്‍റെ വിലയായി നല്‍കേണ്ടത് . ആലപ്പുഴ, കോട്ടയം പാലക്കാട് ജില്ലകളിലാണ് കൊയ്ത്ത് തുടരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കർഷകർക്ക് സംഭരിച്ച നെൽവില കിട്ടാൻ ഇനിയും ഒരാഴ്ചയോളം വൈകുമെന്നാണ് സൂചന.
ഇത്തവണയും PRS വായ്പയായി തന്നെയാണ് നെൽ വില നൽകുന്നത്. ഇതല്ലാതെ നിലവിൽ സർക്കാരിന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ല. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് കർഷകർക്ക് യാതൊരു പ്രശ്നവും വരില്ലെന്നാണ് മന്ത്രി ജി.ആർ അനിൽ പറഞ്ഞത്. തകഴി കുന്നുമ്മയിലെ KG പ്രസാദിന്റെ ആത്മഹത്യയോടെ കർഷകർക്കിടയിൽ PRS വായ്പയെക്കുറിച്ചുള്ള ആശങ്ക കൂടി. മരിച്ച നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിന് ഇതുവരെ മതിയായ സഹായധനം പ്രഖ്യാപിക്കാത്തതിലും കർഷക സംഘടനകൾക്ക് പ്രതിഷേധമുണ്ട്.