ആലപ്പുഴ മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് സമരത്തിന് സിപിഎം സംസ്ഥാന നേതാക്കളുടെ അടക്കം പിന്തുണയുണ്ടെന്ന് സമരക്കാർ. ആലപ്പുഴ എസ്പിക്കാണ് മണ്ണെടുക്കണമെന്ന പിടിവാശി കൂടുതലെന്നും സി.പി.എം. നേതാക്കളടക്കം കുറ്റപ്പെടുത്തുന്നു. കോൺഗ്രസും ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്.
ദേശീയപാത വികസനത്തിനുള്ള മണ്ണെടുപ്പായതിനാൽ സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ട്. അതിനിടെയാണ് സിപിഎമ്മും മണ്ണെടുപ്പിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയത്. ആലപ്പുഴ എസ്പിക്ക് പിടിവാശിയാണെന്നും നൂറനാട് സിഐ അടക്കം സമരക്കാരെ ഉപദ്രവിച്ചെന്നും സിപിഎം ആരോപിക്കുന്നു. എംഎൽഎ എംഎസ് അരുൺകുമാറും സജീവമായി സമരത്തിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെയും പിന്തുണയുണ്ടെന്ന് ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം പറഞ്ഞു.മാസങ്ങളായി പ്രതിഷേധം ഉണ്ടെങ്കിലും മറ്റപ്പള്ളിക്കാരനായ കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസമാണ് പ്രശ്നത്തിൽ ഇടപെട്ടത്. കോൺഗ്രസും സജീവമായി രംഗത്തുണ്ട് . കൊടിക്കുന്നിൽ സുരേഷ് എംപിയും സമരത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല സമരസമിതി നേതാക്കളെ സന്ദർശിച്ചിരുന്നു. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതിനിടെ സിപിഎം എത്രകാലം സമരം തുടരുമെന്ന് കണ്ടറിയണമെന്നാണ് കോൺഗ്രസ് ബിജെപിയും പറയുന്നത്.