flower-show

പൂക്കളെ സ്നേഹിക്കുന്നവര്‍ക്കായി കാഴ്ചയുടെ വസന്തം തീര്‍ത്ത് പുഷ്പമേള. മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മേള ആസ്വദിക്കാന്‍ തിരക്കേറുകയാണ്. കാഴ്ചയും ഷോപ്പിങുമെല്ലാം മികച്ച അനുഭവമെന്ന് മേള കണ്ടിറങ്ങിയവരുടെ പ്രതികരണം. 

കണ്ണിലുടക്കിയാല്‍പ്പിന്നെ കണ്ണെടുക്കാന്‍ തോന്നാന്ന മട്ടിലുള്ള വര്‍ണവസന്തം. നിരനിരയായി ദൂരത്തോളം റോസയും മുല്ലയും പിച്ചിയും ഓര്‍ക്കിഡും ആന്തൂറിയവും. എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളും പച്ചപ്പുമാണ് പ്രത്യേകത. പൂക്കളെ സ്നേഹിക്കുന്ന, പൂന്തോട്ടമൊരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. ഫര്‍ണീച്ചറുകള്‍, തുണിത്തരങ്ങള്‍, മധുരപലഹാരങ്ങള്‍, വ്യത്യസ്ത നാടുകളുടെ പേരിനൊപ്പം നാവില്‍ രുചിയൂറുന്ന ഭക്ഷണവിഭവങ്ങള്‍. അങ്ങനെ മണിക്കൂറുകളോളം കണ്ട് മനസ് നിറയ്ക്കാനുള്ളതെല്ലാം മേളയിലുണ്ട്. 

വൈകുന്നേരങ്ങളിലെ കലാപരിപാടികള്‍. മേളയിലെത്തുന്നവര്‍ക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനം. ഗിഫ്റ്റ് വൗച്ചറുകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന വൈവിധ്യങ്ങള്‍ നിറയുന്നതിനാല്‍ മേളയിലെത്തുന്നവര്‍ക്ക് തൃപ്തിയോടെ മടങ്ങാം. മേള ഈമാസം പത്തൊന്‍പതിന് സമാപിക്കും.

Palakkad Flower show