school-valparai

വാല്‍പാറയില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി നാശം വിതച്ചു. രാത്രിയില്‍ പച്ചമല എസ്റ്റേറ്റിലെ സ്കൂളിനുള്ളില്‍ കയറി കാട്ടാന കുട്ടികളുടെ പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ സകലതും തകര്‍ത്തു. വനംവകുപ്പ് പ്രതിരോധം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മൂന്ന് ദിവസം മുന്‍പ് നാല് എസ്റ്റേറ്റുകളിലായി ഇരുപത്തി മൂന്ന് ആനകള്‍. തീര്‍ന്നില്ല ആശങ്ക. വീണ്ടുമിറങ്ങി മറ്റൊരു കൂട്ടം. ഇരുപത്തി രണ്ടെണ്ണം. അംഗബലത്തില്‍ മാത്രമാണ് വ്യത്യാസം. നാശനഷ്ടമുണ്ടാക്കുന്ന കാര്യത്തില്‍ ആനക്കൂട്ടത്തിന്റെ ശൈലി ഒരേ രീതിയാണ്. കരുമല എസ്റ്റേറ്റ്, പച്ചമല എസ്റ്റേറ്റ്, പാർലെ എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് കഴിഞ്ഞദിവസം ആനക്കൂട്ടമിറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന തേയിലച്ചെടികള്‍ ഉള്‍പ്പെടെ വ്യാപകമായി നശിപ്പിച്ചു. പിന്നീട് ജനവാസമേഖലയിലേക്കായിരുന്നു ആനക്കൂട്ടത്തിന്റെ വരവ്. പച്ചമല എസ്റ്റേറ്റിലെ നഗരസഭ സ്‌കൂൾ വളപ്പില്‍ കയറിയ 15 കാട്ടാനകൾ മതിലും ജനൽ വാതിലും തകർത്തു.

മേശ, കസേര, ടെലിവിഷന്‍, സ്മാര്‍ട്ട് ബോര്‍ഡ്, ബുക്കുകളും പഠനോപകരണങ്ങളും ഉള്‍പ്പെടെ സ്കൂളിനുള്ളിലുണ്ടായിരുന്ന സകലതും നശിപ്പിച്ചു. സ്കൂളിന്റെ പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആനയെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഊര്‍ജിതമെന്ന് വനംവകുപ്പ് പറയുമ്പോഴും പലതും ഫലപ്രദമല്ലെന്നാണ് പരാതി. വന്യമൃഗശല്യം രൂക്ഷമായാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ വാല്‍പാറയിലേക്കുള്ള യാത്ര പലരും ഒഴിവാക്കുമോ എന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്.

Elephant attack at Valpparai