കാട്ടാനശല്യത്തിനു പുറമെ കുരങ്ങു ശല്യവും രൂക്ഷമായതോടെ പ്രതിസന്ധിയിലായി കർഷകർ. പകലന്തിയോളം കർഷകർ അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. കോതമംഗലത്തിനടുത്ത് കാർഷിക ഗ്രാമമായ വടാട്ടുപാറയിലാണ് വന്യമൃഗശല്യം അതിരൂക്ഷമായിരിക്കുന്നത്. നിവര്‍ത്തിയില്ലാതായതോടെ നിരവധിപ്പേരാണ് വീടും കൃഷിയുമുപേക്ഷിച്ച് ഇവിടം വിട്ടത്.
കേരകർഷകർക്കാണ് വാനരപ്പട ഏറ്റവും നഷ്ടം വരുത്തുന്നത്. തേങ്ങകൾ മൂപ്പെത്തുന്നതിനു മുമ്പ് തെങ്ങ് ശൂന്യമാകുന്നതാണ് അവസ്ഥ. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ ക്രമീകരണങ്ങൾ മിക്കയിടത്തും പരാജയമാണ്. വനാതിർത്തിയിലുള്ള ഫെൻസിങ്ങുകൾ തകർന്നിട്ട് കാലങ്ങളായി. കൃഷിയിടങ്ങളോട് ചേർന്ന് നിൽക്കുന്ന വനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയാൽ കുരങ്ങുകൾ കൃഷിയിടത്തിലേക്ക് കടക്കുന്നത് തടയാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
Monkeys destroying crops; Farmers in crisis