vaikom

വൈക്കം ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ് എടുത്തതിലെ അപാകത മൂലം ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തതായി പരാതി. ജീവനക്കാർക്കെതിരെ  ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും  പരാതിനൽകാനൊരുങ്ങുകയാണ് കുടുംബം. ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ- റാണി ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകൾക്കാണ് കയ്യിൽ മുഴ ഉണ്ടായത്. 

കഴിഞ്ഞ മാസം രണ്ടിനാണ് ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഒന്നര വയസുകാരിക്ക്  എം ആർ കുത്തിവയ്പ് എടുത്തത്. രണ്ടാഴ്ചക്ക്‌ ശേഷം  പനി വന്ന് കുത്തിവയ്പ് എടുത്ത ഭാഗത്ത് മുഴയുണ്ടായി. ഈ മാസം നാലിന് വീണ്ടും പ്രാഥമികാരോഗ്യത്തിലെ ഡോക്ടറെ കാണിച്ചതോടെ കോട്ടയം ഐസിഎച്ചിലെ  സർജനെ കാണാൻ നിർദ്ദേശിച്ചു. ഇതിനിടെ മുഴ വലുതായി പഴുത്ത് കൈയ്യനക്കാനാവതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ പോയതോടെ സർജറി വേണമെന്ന് അറിയിച്ചു. തൊലി പുറത്ത് എടുക്കേണ്ട MR കുത്തിവയ്പ് കുട്ടിയുടെ മസിലിൽ കയറിയതാണ് പ്രശ്നമെന്ന് പറഞ്ഞതായും വീട്ടുകാർ. 

നിലവിൽ കോട്ടയം കുട്ടികളുടെ ആശുപത്രിയിയിലാണ്  ചികിൽസ പുരോഗമിക്കുന്നത്. നിലവിൽ കുട്ടിയുടെ കയ്യിലെ മുഴയുടെ വലുപ്പം കുറഞ്ഞിട്ടുണ്ട്. വേണ്ട ചികിൽസ നൽകിയെന്നും സ്വാകാര്യ ആശുപത്രി കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതാകാം പരാതിക്ക് കാരണമെന്നുമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകുന്ന വിശദീകരണം. കുത്തിവയ്പ് എടുത്തവർക്ക് കുഴപ്പമുണ്ടായില്ലെന്നും PHC അധികൃത പറയുന്നു. 

Complaint against Vaikom Brahmamangalam primary health center