പാലക്കാട് മൂലത്തറ ഡാമിന്റെ നിര്‍മാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ കെ.കൃഷ്ണന്‍കുട്ടി ചട്ടം മറികടന്ന് ഇടപെട്ടതായി കോണ്‍ഗ്രസ്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മാണ കമ്പനിക്ക് കൂടുതല്‍ തുക അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും ആരോപണം. അഴിമതിയുണ്ടെന്ന ഡിവൈഎഫ്ഐയുടെ പരാതിയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സമരവുമായി കോണ്‍ഗ്രസും രംഗത്തെത്തിയത്.
പ്രളയത്തില്‍ തകര്‍ന്ന മൂലത്തറ ഡാമിന്റെ ഷട്ടറുകളും തൂണുകളും പുനര്‍ നിര്‍മിച്ചതിലാണ് കോടികളുടെ അഴിമതിയെന്ന ആക്ഷേപമുള്ളത്. ജലവിഭവ മന്ത്രിയായിരുന്ന കെ.കൃഷ്ണന്‍കുട്ടി ചട്ടം മറികടന്ന് കരാറുകാരന് കൂടുതല്‍ പണം അനുവദിച്ചെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും വിജിലന്‍സിന് ലഭിച്ച പരാതിയിലുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിയായത്. പഴയ ഷട്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും മിനുക്കു പണികള്‍ ചെയ്താണ് പൂര്‍ത്തീകരിച്ചതെന്ന കാര്യം വിജിലന്‍സ് പരിശോധനയില്‍ സ്ഥിരീകരിച്ചു. കരാര്‍ ഉറപ്പിച്ചതിനെക്കാള്‍ പതിനൊന്ന് കോടിയിലധികം രൂപ ചെലവായ വഴിയും അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്.
അപാകത സംബന്ധിച്ച് വിജിലന്‍സ് ഇതിനകം നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചാവും അന്വേഷണം. ആക്ഷേപം കാര്യമാക്കുന്നില്ലെന്നും കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി വേഗത്തില്‍ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
Corruption allegation against Minister K. Krishnankutty