ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണ വിഷയത്തിൽ ജില്ലാ കലക്ടർ ഷീബ ജോർജിനെതിരെ സർവകക്ഷി യോഗത്തിൽ രൂക്ഷ വിമർശനം. കലക്ടറുടെ ഉത്തരവ് ഏകപക്ഷീയമായിട്ടാണെന്നാണ് സി പി എമ്മും, സി പി ഐ യും അടക്കം വിമർശനം ഉന്നയിച്ചത്. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ദുരന്തനിവാരണ നിയമപ്രകാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് ജില്ലാ കലക്ടർ ആണ് 13 പഞ്ചായത്തുകളിൽ റെഡ് സോൺ പരിധിയിൽ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൂടിയാലോചനകൾ ഇല്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രധാന ആക്ഷേപം. വിഷയം ജില്ലയിൽ വലിയ ചർച്ചയായതോടെയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ചത്. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും റവന്യൂ വനം വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
യഥാർഥ കയ്യേറ്റങ്ങളെ പണ്ട് തന്നെ ഒഴിപ്പിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നും സർക്കാരാണ് ഉത്തരവാദിയെന്നും യോഗത്തിൽ പങ്കെടുത്ത ഇടുക്കി എംപി കുറ്റപ്പെടുത്തി. കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയെ മാറ്റണമെന്നും ഡീൻ കുര്യാക്കോസ്. അമിക്കസ്ക്യൂറിക്കെതിരെയും യോഗത്തിൽ സി പി എം വിമർശനം ഉയർത്തിയിരുന്നെങ്കിലും മന്ത്രി റോഷി അഗസ്റ്റിൻ അതിനെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.