gatecomplaintktm-03

കോട്ടയം ഏറ്റുമാനൂരിൽ വയോധികയും മകളും താമസിക്കുന്ന വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. വീടിന്റെ ഗേറ്റ് തിങ്കളാഴ്ച അർദ്ധരാത്രി ജെസിബി ഉപയോഗിച്ച് തകർത്തെറിഞ്ഞു. വീടിന് സമീപത്തു കൂടിയുള്ള വഴിയുമായി ബന്ധപെട്ട് റിയൽ എസ്റ്റേറ്റ് ഏജന്റുമാരുമായി തർക്കം നടക്കുന്നതിനിടെയാണ് ഗേറ്റ് തകർക്കപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.

ഏറ്റുമാനൂരിലുള്ള വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ഒരു മണിയോടെ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. 74 വയസുകാരിയായ തുളസി വിശ്വനാഥും മകൾ ബിനു വിശ്വനാഥും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . രാത്രി വലിയ ശബ്ദം കേട്ടാണ് ഇരുവരും ഉണർന്നത്. ഇതിനോടകം ഗേറ്റ് തകർത്ത് ജെസിബിയുമായി അക്രമി സംഘം തിരികെ പോയിരുന്നു. 

വീടിനു പിൻവശത്തായുള്ള പ്രദേശങ്ങൾ റിയൽ എസ്റ്റേറ്റ് സംഘങ്ങളുടെ കയ്യിലാണ്. ഇവിടെയ്ക്കെത്താൻ മറ്റൊരു വഴി ഉണ്ടെങ്കിലും പ്രധാന പാതയിൽ എന്ന വളരെ എളുപ്പം എത്താൻ കഴിയുന്ന ഇവരുടെ വീടിന് മുന്നിലൂടെയുള്ള സ്ഥലം വേണമെന്നാണ് ആവശ്യം. ഇത് ആവശ്യപെട്ട് ഏജന്റുമാർ സമീപിച്ചിരുന്നതായി തുളസി പറയുന്നു. നിരസിച്ചതിന് പിന്നാലെയാണ് ഗേറ്റ് തകർക്കപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും അക്രമികളെ പിടികൂടാനായിട്ടില്ല.