ശേഖരിച്ച ‌‌നെല്ലിന്‍റെ വിലക്കായി പൊരിവെയിലത്തും കർഷകസമരം; പണം നൽകാതെ സപ്ലൈകോ

farmerchalissery
SHARE

സപ്ലൈക്കോ ശേഖരിച്ച നെല്ലിന്‍റെ വിലക്കായി പൊരിവെയിലത്തും സമരം ചെയ്യുകയാണ് ചാലിശ്ശേരിയിലെ കര്‍ഷകര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ സംഭരിച്ച നെല്ലിന്‍റെ പണം കാലമിത്രയായിട്ടും ലഭിക്കാതെയായതോടെയാണ് കര്‍ഷകര്‍ സത്യഗ്രഹ സമരത്തിനൊരുങ്ങിയത്.

ചാലിശ്ശേരി കൃഷിഭവന്‍ പരിധിയിലെ 12 പാ‍ടശേഖരത്തില്‍ നിന്നായി എണ്ണൂറിലധികം കര്‍ഷകരാണ് സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാതെ പെരുവഴിയിലായത്.1600 ലധികം ടണ്‍ നെല്‍ ശേഖരിച്ചത് വഴി 60 ലക്ഷത്തോളം രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റെടുത്ത നെല്ലിന്‍റെ തുകക്ക് പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. ഇതോടെയാണ് ചാലിശ്ശേരി കൃഷി ഓഫീസിന് മുന്നില്‍ അനിശ്ചിത കാല സത്യഗ്രഹ സമരത്തിന് കര്‍ഷകര്‍ മുതിര്‍ന്നത്.

കടമെടുത്തും ആഭരണം പണയം വെച്ചും കൃഷി ഇറക്കിയവരാണ് കൂടുതലും. കൃഷി യന്ത്രങ്ങളുടെ വാടക, വളം, കീടനാശിനി തുടങ്ങിയവയുടെ ‍ചിലവടക്കം വന്‍തോതില്‍ കടബാധ്യതയിലായി. പ്രവാസ ജീവിതമവസാനിപ്പിച്ച് കൃഷിയിറക്കിയ യുവ കര്‍ഷകരും സമരത്തിലുണ്ട്. ഏറെ സമരത്തിനൊടുവിലായിരുന്നു നെല്ല് സംഭരിക്കാന്‍ നടപടിയായത്. അതേ കര്‍ഷകര്‍ക്ക് തന്നെയാണ് സംഭരണ തുക ലഭിക്കാനും സമരത്തിനിറങ്ങേണ്ടി വന്നത്. പണം എന്ന് ലഭിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ കൈമലര്‍ത്തുകയാണെന്നും പ്രതിസന്ധിക്ക് പരിഹാരമാകാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു.

MORE IN CENTRAL
SHOW MORE