നാടിന്റെ തൊണ്ട നനച്ച് നടയ്ക്കലിലെ കിണര്‍; നാട്ടുകാര്‍ക്കായി മാറ്റിവെച്ച നന്മ

Etpawell
SHARE

വേനല്‍ക്കാലം ആരംഭിച്ചതോടെ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ഒരുനാടിന്റെ മുഴുവന്‍ ദാഹം തീര്‍ക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കലിലെ ഒരു കിണര്‍. പരേതനായ അലി സാഹിബ് തന്റെ സ്വത്ത് മക്കള്‍ക്കായി വീതംവച്ച് നല്‍കിയപ്പോള്‍ കിണറിരിക്കുന്ന ഭാഗം നാട്ടുകാര്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു. 90–ലധികം മോട്ടറുകളാണ് ഈ കിണറിന് സമീപം സ്ഥാപിച്ചിരിക്കുന്നത്. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈരാറ്റുപേട്ട മുല്ലൂപ്പാറയില്‍ അലി സാഹിബ് കിണര്‍ കുത്തിയത്. അയല്‍വാസികളെ അന്യരായി കാണാത്ത സാഹിബ് സ്വത്ത് വീതംവച്ചപ്പോള്‍ കിണര്‍ നാട്ടുകാര്‍ക്കായി മാറ്റിവെച്ചു. വശങ്ങള്‍ ഇടിഞ്ഞ കിണര്‍ 2 തവണയായി നാട്ടുകാര്‍തന്നെ നവീകരിച്ചു. അടുത്തിടെ എണ്‍പതിനായരത്തോളം രൂപ ചെലവിട്ട് മോട്ടോര്‍ വയ്ക്കാനുള്ള സ്ഥലമടക്കം സജ്ജമാക്കി.  രാവും പകലുമില്ലാതെ ആവശ്യക്കാര്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം  വീട്ടിലെത്തിക്കുന്നു. കിണറ്റിലെ വെള്ളം മുഴുവന്‍ തീര്‍ന്നാലും അര മണിക്കൂര്‍ കാത്തിരുന്നാല്‍ ഒരു ടാങ്കിലേയ്ക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും.

മഴക്കാലത്തും അന്‍പതോളം മോട്ടറുകള്‍ ഇവിടെകാണും. വേനൽക്കാലം അടുത്തതോടെ ഇത് 90ലധികം മോട്ടോറുകൾ ആയി. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറില്‍പരം കുടുംബങ്ങളില്‍ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്.ഇനിയും വറ്റാത്ത നന്മയോടുള്ള നന്ദി അറിയിക്കുകയാണ് നടയ്ക്കൽ നിവാസികൾ.

MORE IN CENTRAL
SHOW MORE