7വർഷം കഴിഞ്ഞിട്ടും പൂര്‍ണതോതില്‍ ഉപകരിക്കാതെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ ഉപകാരപ്രദമാകാതെ സംസ്ഥാനത്തെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും മുപ്പത്തയ്യായിരത്തോളം കണക്ഷനുകള്‍ മാത്രമാണ് കൊച്ചി സിറ്റി ഗ്യാസ് പദ്ധതി വഴി നല്‍കാന്‍ സാധിച്ചിട്ടുള്ളത്.

മലിനീകരണമില്ലാത്ത, സുരക്ഷിതവും, ലാഭകരവുമായ ഇന്ധനം എന്നതായിരുന്നു വാഗ്ദാനം. റോഡ് കുഴിക്കുന്നതില്‍ തുടങ്ങി പ്രതിസന്ധികള്‍ ഒന്നൊന്നായി വന്നതോടെ സിറ്റി ഗ്യാസിന് വേഗം കുറഞ്ഞു. മഴക്കാലത്ത് റോഡ് കുഴിക്കാന്‍ പാടില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍. കുഴിച്ച കുഴികള്‍ പഴയപടിയാക്കുന്നില്ലെന്നാരോപിച്ച് പുതിയ അനുമതി നല്‍കാതെ കളമശേരി നഗരസഭ. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ റോഡ് കുഴിക്കുന്നതിനടക്കം കൃത്യമായ മാര്‍ഗരേഖയുള്ളപ്പോള്‍ അത്തരമൊന്ന് കേരളത്തില്‍ നിലവില്‍ വരുന്നത് പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചെന്ന് പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് അധികൃതര്‍ പറഞ്ഞു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പദ്ധതി വേഗം കൈവരിച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയ മുപ്പത്താറായിരത്തോളം കണക്ഷനുകളില്‍ അറുപത് ശതമാനത്തിലേറെയും നിലവിലെ സാമ്പത്തിക വര്‍ഷത്തിലാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും മികച്ച പിന്തുണയാണ് പദ്ധതിക്ക് വേഗത കൈവരിക്കാന്‍ ആവശ്യം.