പുറംബണ്ടില്ല; കുടിവെള്ളം കിട്ടാക്കനി; ദുരിതംപേറി 60ൽ ചിറ

ആലപ്പുഴ പുളിങ്കുന്നിലെ 60ൽ ചിറ കോളനിയിലെ കുടുംബങ്ങളുടെ ദുരിതത്തിന് കാരണം പുറംബണ്ടില്ലാത്തത്. തെക്കേമേച്ചേരി വാക്ക പാടശേഖരത്തിൽ കൃഷിയില്ലാത്തപ്പോഴും ആറ്റിൽ വെള്ളമുയരുമ്പോഴും പ്രദേശം മുങ്ങും. കുടിവെള്ളവും ഇവിടുള്ളവർക്ക് കിട്ടാക്കനിയാണ്.

ഒരു വശത്ത് മണിമലയാർ, മറുവശത്ത് തെക്കേ മേച്ചേരി വാക്ക പാടശേഖരം. ഇതിനു മധ്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്തിലെ 60 ൽ ചിറ കോളനി . അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവി മഴക്കാലത്തും വേനൽക്കാലത്തും വെള്ളം നിറയും. പാടശേഖരത്തിന് പുറംബണ്ടില്ലാത്തതും ആറ്റുതീരത്തെ കൽക്കെട്ടിന് ഉയരമില്ലാത്തതുമാണ് വീടുകളിൽ വെള്ളം കയറുന്നതിന് കാരണം. കുടിക്കാൻ ശുദ്ധജലവും പ്രദേശത്തില്ല. പല ആവശ്യങ്ങൾക്കും ആറ്റിലെ ജലം ഉപയോഗിക്കേണ്ടി വരുന്നു. ഇനി ആരോട് പരാതി പറയണമെന്നാണ് നാട്ടുകാരുടെ ചോദ്യം. 35 വർഷം മുൻപ് എസി റോഡ് നവീകരിച്ചപ്പോൾ റോഡരികിൽ വീടുകളുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ച ഇടമാണ് 60ൽ ചിറ കോളനി.