പാലത്തില്‍ വിള്ളല്‍ ; വഴി തിരിച്ച് വിട്ടത് താൽക്കാലികമായി നിർത്തി

പാലക്കാട് കൊല്ലങ്കോട് ആലംപള്ളം പാലത്തിൽ വിള്ളൽ കണ്ടെത്തി. ഊട്ടറ പാലത്തിലെ വിള്ളൽ കാരണം ഗതാഗതം ആലംപള്ളം വഴി തിരിച്ച് വിട്ടത് താൽക്കാലികമായി നിർത്തി. മെറ്റലിട്ട് കുഴിയടച്ച് രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് നെന്മാറ എംഎൽഎ കെ.ബാബു അറിയിച്ചു.

ഊട്ടറ പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ആലംപള്ളം വഴിയാണ് ഗതാഗതം തിരിച്ച് വിട്ടിരുന്നത്. കാലപ്പഴക്കം കാരണം ഭാഗികമായി തകരാറിലായിരുന്ന പാലം കൂടുതൽ വാഹനം കയറിയതോടെ അപകടാവസ്ഥയിലായി. ആലംപള്ളം പാലത്തിലും ഗർത്തം രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഏറെ ചുറ്റി സഞ്ചരിച്ച് പാലക്കാട്, കൊല്ലങ്കോട് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് ആലംപള്ളത്തെ ഗർത്തം ഇരട്ടി ദുരിതമായി. ഭാര വാഹനങ്ങൾ കയറിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും എംഎൽഎ.

ഊട്ടറ പാലത്തിന്റെ തകരാർ പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ 50 ലക്ഷം രൂപയുടെ പണികൾ വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വിലയിരുത്തൽ. പണം അനുവദിച്ച് പണി പൂർത്തിയാക്കി ഗതാഗതം പൂർണ തോതിൽ പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും. സമാന്തര ഗതാഗത സൗകര്യത്തിനായുള്ള ആലംപള്ളം കൂടി അടയ്ക്കുന്നതോടെ പ്രതിസന്ധി ഇരട്ടിയാകും.