palakkari-fish-farm-

സിപിഎം ഉപരോധത്തെ തുടർന്ന് മത്സ്യഫെഡിന്റെ പാലക്കറി അക്വാ ടൂറിസം ഫാമിന്റെ പ്രവർത്തനം നിലച്ചു. ചെമ്മീൻ കൃഷിക്കായി താൽക്കാലികമായി എടുത്ത രണ്ട് സിപിഎം പ്രവർത്തകരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചുള്ള ഉപരോധ സമരത്തെ തുടർന്നാണ് ഫാമിന്റെ പ്രവർത്തനം രണ്ട് ദിവമായി മുടങ്ങിയത്. ഇതോടെ അക്വാ ടൂറിസം ഫാം സന്ദർശിക്കാൻ ബുക്ക് ചെയ്ത നൂറുകണക്കിന് സന്ദർശകർക്കാണ് പ്രവേശിക്കാനാവാതെ വന്നത്.

ആദ്യമായി ഫാമിൽ തുടങ്ങിയ വനാമി ചെമ്മീൻ കൃഷിക്കായാണ് മെയ് മാസത്തിൽ പ്രദേശവാസികളായ രണ്ട് പേരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചത്. കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞതോടെയാണ് ഇവരെ ഒക്ടോബർ മൂന്നിന് പിരിച്ചുവിട്ടത്. ഇതോടെ സിപിഎം പ്രാദേശികനേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തിങ്കളാഴ്ച മുതൽ സിപിഎം നേതൃത്വത്തിൽ ഉപരോധ സമരം തുടങ്ങിയതോടെ ഫാമിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. ജീവനക്കാരെയടക്കം അകത്തു കയറ്റാതെ തടഞ്ഞതോടെ നൂറുകണക്കിന് സന്ദർശകർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതായി മത്സ്യഫെഡ് പറയുന്നു.അടുത്ത കൃഷി തുടങ്ങുന്ന മുറക്ക് ഇവരെ ജോലിക്കെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് അറിയിച്ചിട്ടും സിപിഎം ഫാമിന്റെ പ്രവർത്തനം തടയുകയാണെന്നുമാണ് പരാതി.

പിരിച്ചു വിട്ടവർക്ക് ജോലിയിലെ പിഴവ് കാണിച്ച് പറഞ്ഞിരുന്ന ശമ്പളം നൽകിയില്ലെന്നും ഇവർ പറയുന്നു. ടൂറിസം സീസണും തുടങ്ങിയതോടെ മത്സ്യഫെഡിന് ഏറെ വരുമാനം ലഭിക്കുന്ന ഫാമിന്റെ പ്രവർത്തനമാണ് സമരം മൂലം മുടങ്ങിയിരിക്കുന്നത്.