ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി; സി.സി.എഫ് അന്വേഷണം തുടങ്ങി

ഇടുക്കി  കിഴുകാനത്ത് ആദിവാസി യുവാവ് സരിൻ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സി.സി.എഫ് അന്വേഷണം തുടങ്ങി.  ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ കൺസർവേറ്റർ നീതു ലക്ഷ്മി നേരിട്ടെത്തിയാണ് അന്വേഷണം നടത്തുന്നത്.  വനം മന്ത്രിയുടെ ഉത്തരവിനെ  തുടർന്നാണ് സി..സി.എഫ് അന്വേഷണം തുടങ്ങിയത്.

 വൻമാവ് ചെക്ക്പോസ്റ്റിലെത്തിയ സി.സി.എഫ് നീതു ലക്ഷ്മി ജീവനക്കാരുടെ  മൊഴി രേഖപ്പെടുത്തി. തുടർന്ന്  ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ നടക്കുന്ന  നിരാഹാര സമര പന്തലിൽ എത്തി. കേസിൽ പ്രതിയായ സരിൻ , നിരാഹാരം അനുഷ്ഠിക്കുന്ന അച്ഛൻ  സജി ,അമ്മ നിർമ്മല , സമരസമിതി നേതാക്കൾ എന്നിവരെ കണ്ടു. തുടർന്ന് വനം വകുപ്പിന്റെ ക്വോർട്ടേഴ്സിൽ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്തു.

കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ വിശദീകരണം തേടിയ ശേഷം താമസിയാതെ സർക്കാരിനു റിപ്പോർട്ടു നൽകുമെന്ന്  സി.സി.എഫ് അറിയിച്ചു. അതിനിടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പൻഡു ചെയ്യുക , കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കിഴുകാനം  ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ നടക്കുന്ന നിരാഹാര സത്യഗ്രഹം തുടരുകയാണ്.. കഴിഞ്ഞ മാസം 20നാണ് കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച്  ഫോറസ്റ്ററുടെ നേതൃത്വത്തിൽ  സരിൻ സജിയെ അറസ്റ്റു ചെയ്തത്.