കുട്ടനാട്ടിൽ രണ്ടാം കൃഷി വിളവെടുപ്പ് പുരോഗമിക്കുമ്പോൾ നെല്ല് സംഭരണത്തിൽ പ്രതിസന്ധി. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നൂറുകണക്കിന് ടണ്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ രണ്ടാം കൃഷി ചെയ്യുന്ന നെടുമുടി പഞ്ചായത്തിലെ പുതിയോട്ടു വരമ്പിനകം പാടശേഖരത്തിൽ മാത്രം 1200 ടൺ നെല്ലാണ് സംഭരിക്കാനുള്ളത്.
എല്ലാ വർഷവും വിളവെടുപ്പ് സീസണിൽ ആവർത്തിക്കുന്ന പ്രതിസന്ധിക്ക് ഇത്തവണയും മാറ്റമില്ല. പ്രതികൂല കാലാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും അതിജീവിച്ച് കൃഷി ചെയ്തപ്പോൾ നെല്ലു സംഭരണം നടക്കുന്നില്ല. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ നൂറുകണക്കിന് ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. രണ്ടോ മൂന്നോ മില്ലുകൾ മാത്രമാണ് സംഭരണത്തിന് തയാറായിട്ടുള്ളത്. കൂടുതൽ കിഴിവ് നൽകണമെന്നതടക്കമുള്ള ഉപാധികളും കർഷകർക്ക് വിനയാകുന്നു. കുട്ടനാട്ടിൽ കൂടുതൽ രണ്ടാം കൃഷി ചെയ്യുന്നത് 36 പാടശേഖരങ്ങളുള്ള നെടുമുടി പഞ്ചായത്തിലാണ്.340 ഏക്കറുള്ള പുതിയോട്ടു വരമ്പിനകം പാടത്ത് കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങളായി. 1200 ടൺ നെല്ലാണ് ഇവിടെ മാത്രം കെട്ടിക്കിടക്കുന്നത്. സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി മന്ത്രിതല ചർച്ചകൾ പല തവണ നടന്നു.എന്നാല്‍ സംഭരണം ഊർജിതമാക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല.