വൈക്കം നഗരസഭയിൽ യു ഡി എഫ് വനിത ചെയർപേഴ്സനെതിരെ പരാതി

crisisnagarasabha-03
SHARE

വൈക്കം നഗരസഭയിൽ യു ഡി എഫ് വനിത ചെയർപേഴ്സനെതിരെ ഭരണകക്ഷിക്കുള്ളിൽ തന്നെ പരാതി. കോൺഗ്രസിന്റെ ചെയർപേഴ്സനെ മുൻനിർത്തി ഭരണം നടത്തുന്നത് LDF ആണെന്നാണ്  ആക്ഷേപം. അദ്ധ്യക്ഷയ്ക്കെതിരെ പരാതി ഉയർന്നെങ്കിലും ഒരാളുടെ മേൽക്കൈയിൽ നഗരസഭ ഭരിക്കുന്ന UDF ന് ഭരണപ്രതിസന്ധി  ഉണ്ടാവുമെന്നതിനാൽ നടപടി എടുക്കാനാവാത്ത സ്ഥിതിയിലാണ് ജില്ലാ കോൺഗ്രസ്‌ നേതൃത്വം 

വൈക്കം നഗരസഭാ ചെയർപേഴ്സൺ രാധിക ശ്യാം എൽ ഡി ഫിലെ ഏതാനും ഘടകകക്ഷി അംഗങ്ങളുടെ നിർദേശപ്രകാരം ഭരണം നടത്തുന്നെന്നാണ് പരാതി. ഭരണകക്ഷി  അംഗങ്ങളെ ഒഴിവാക്കി തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപമുയർന്നതോടെ നഗരസഭയിലെ പദ്ധതികളും പ്രതിസന്ധിയിലായി.കോവിഡ് കാലത്ത് അടച്ച നഗരസഭ പാർക്ക് അറ്റകുറ്റ പണി , KFDC തീയറ്റർ സമുച്ചയ നിർമ്മാണം തുടങ്ങി പല പദ്ധതികളും മുടങ്ങിയത് നഗരസഭ അദ്ധ്യക്ഷയുടെ നിലപാട് മൂലമാണെന്നാണ് പരാതി.  

ഇതിനിടെ  നഗരസഭ പാർട്ടി ലീഡറായ ഒരു അംഗം DYFI യുടെ പരിപാടിയിലും പങ്കെടുത്തതോടെ നഗരസഭ  അംഗങ്ങളുടെ നിലപാടുകളിൽ കോൺഗ്രസ്‌ പാർട്ടിക്ക് തന്നെ സംശയം ഉയർന്നു .പ്രതിസന്ധി ഡി.സി.സിയിൽ അറിയിച്ചതോടെ യു ഡി എഫ് നഗരസഭ അംഗങ്ങളുടെ യോഗം ഉടൻ വിളിക്കുമെന്നാണ് വിവരം. 26 അംഗ നഗരസഭയിൽ യു.ഡി.എഫിന് പതിനൊന്നും എൽ.ഡി.എഫി ഒൻപതും ബി.ജെ.പിക്ക് നാലും,അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണുള്ളത്. ഒരു സ്വതന്ത്ര അംഗം LDF ന് ഒപ്പമായതോടെ ഒരാളുടെ മേൽ കൈയ്യിലാണ് UDFന്റെ നഗരസഭ ഭരണം. ഇതോടെ നിലവിൽ LDFനോട് കൂറുകാണിക്കുന്നെന്ന ആക്ഷേപമുള്ള അദ്ധ്യക്ഷക്കെതിരെ നടപടിയെടുത്താൽ  ഭരണ പ്രതിസന്ധിയുണ്ടാവും എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നത്.

MORE IN CENTRAL
SHOW MORE