പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നുകൾ എത്തിക്കുന്നില്ല

poonjar-phc
SHARE

പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നുകൾ എത്തിക്കുന്നില്ലെന്ന് പരാതി. അത്യാവശ്യം വേണ്ട മരുന്നുകൾ പോലും പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണെന്ന് ആശുപത്രിയിൽ എത്തുന്ന രോഗികൾ പറയുന്നു. വൈകിട്ട് ആറുമണി വരെ ഒ. പി നിർദേശിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പല ഡോക്ടർമാരും ഉണ്ടാകാറില്ലെന്നും വ്യാപക പരാതിയുണ്ട് 

പ്രഷർ, ഷുഗർ, ആസ്മ പോലുള്ള അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് പോലും കൊടുക്കാനുള്ള മരുന്നുകൾ ഈ കുടുംബരോഗ്യകേന്ദ്രത്തിലില്ല. സ്വകാര്യാശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങാൻ ശേഷിയില്ലാത്ത സാധാരണക്കാർക്ക് കിട്ടുന്നത് പുറത്ത് നിന്ന് വാങ്ങേണ്ട മരുന്നുകളുടെ കുറിപ്പ് മാത്രം .ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2020 ഫെബ്രുവരിയിൽ പൂഞ്ഞാർ തെക്കേക്കര പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. എന്നാൽ ആവശ്യത്തിന് മരുന്ന് എത്തിക്കാത്തത് മൂലം പതിവായി മരുന്നുകഴിക്കുന്ന രോഗികൾക്ക് പോലും മരുന്ന് പുറത്തേയ്ക്ക് കുറിച്ച് നല്കുകയാണ് ചെയ്യുന്നത് 

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 വരെ ഒപി സമയം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ് ഡോക്ടർമാരുള്ളത്. സ്വകാര്യ പ്രാക്ടീസിനായി ഉച്ചകഴിഞ്ഞ് ഡ്യൂട്ടി ചെയ്യാൻ ചില ഡോക്ടർമാർ വിസമ്മതിക്കുന്നതാണെന്നാണ് ആക്ഷേപം. പൂഞ്ഞാറിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് വരെ നിരവധിയാളുകൾ ദിവസേന ചികിത്സ തേടിയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ ലഭ്യമാക്കണമെന്നും ഒപി സമയം വൈകിട്ട് വരെയാക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

MORE IN CENTRAL
SHOW MORE