
വായ്പാ കുടിശിക വരുത്തിയവരുടെ വീടുകളിൽ ബോർഡ് സ്ഥാപിച്ചെങ്കിലും വിവാദമായതോടെ നീക്കി നീണ്ടൂർ സഹകരണ ബാങ്ക്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വസ്തു എന്ന് കാണിക്കുന്ന ബോർഡാണ് പ്രദേശത്തെ നിരവധി വീടുകളിൽ വച്ചത്. സഹകരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ സഹകരണനിയമം ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് പ്രദേശത്തെ കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നിരുന്നു.
ഈ വസ്തു നീണ്ടൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നെഴുതിയ ബോർഡുകളാണ് പ്രദേശത്തെ നിരവധി വീടുകളിൽ ബാങ്ക് സ്ഥാപിച്ചത്.
2011 ൽ വായ്പ എടുത്ത് കുടിശിക വരുത്തിയവർക്കാണ് ജപ്തി നോട്ടിസ് നൽകിയതും വീട്ടുവളപ്പിൽ ബോർഡ് വച്ചതും .മൂന്നര ലക്ഷം രൂപ മുതൽ ലോൺ എടുത്തവരാണ് മിക്കവരും.പലിശയും പിഴപ്പലിശയും ഉൾപ്പെടെ 16 ലക്ഷം വരെ തിരിച്ചടയ്ക്കണമെന്നാണ് നോട്ടിസ്.വായ്പ്പക്കാർ ഈടായി നൽകിയ വസ്തുവിലാണ് ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതെന്നും ഇത് നിയമലംഘനമാണെന്നുമാണ് കോൺഗ്രസിന്റെ ആക്ഷേപം.
എന്നാൽ നിയമനുസൃതമായ നടപടി മാത്രമേ സ്വീകരിച്ചിട്ടുള്ളെന്നാണ് ബാങ്കിന്റെ വിശദീകരണം.വായ്പ എടുക്കുമ്പോൾ തന്നെ വീടും സ്ഥലവും ബാങ്കിന്റെ പേരിലാണ് വരുക.12 വർഷമായിട്ടും ഒരു രൂപ പോലും തിരിച്ചടയ്ക്കാത്തവരും ജപ്തി നടപടി നേരിടേണ്ടി വരുന്നവരുടെ കൂട്ടത്തിലുണ്ടെന്നും ബാങ്ക് അധികൃതർ പറയുന്നു. ബോർഡ് സ്ഥാപിച്ച നടപടി വിവാദമായതോടെ നീക്കം ചെയ്തിട്ടുണ്ട്.