അപകടഭീതിയായി കൂറ്റൻ വാക; ഉത്തരവായിട്ടും വെട്ടിമാറ്റിയില്ല

poonjar-tree
SHARE

പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ സ്‌കൂളിന് സമീപത്ത്‌ അപകടഭീഷണിയുയർത്തി കൂറ്റന്‍വാകമരം. പാറപ്പുറത്ത് നില്‍ക്കുന്ന മരം വെട്ടിമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവിറങ്ങി 6 വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 100 കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന വഴിയിലെ അപകടനിലയിലുള്ള മരം മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറ്റുമാനൂര്‍  പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പനച്ചികപ്പാറ ടൗണിലാണ് അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം നില്‍ക്കുന്നത്. മരം വെട്ടിമാറ്റണമെന്നാവശ്യപെട്ട് 2015-ല്‍ നാട്ടുകാര്‍ പരാതി നല്‍കുകയും  മരം മുറിച്ച് മാറ്റണമെന് RDO ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ മരത്തിന് 40000 രൂപ വിലയിട്ടതോടെ  ലേലത്തില്‍ പിടിക്കാന്‍ ആരും തയാറായില്ല.ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന വില കൂടുതലായതിനാലാണ് ലേലത്തിൽ പിടിക്കാൻ ആരും തയ്യാറാകാത്തതെന്ന്  നാട്ടുകാർ പറയുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതോടെ മരത്തിന്റെ ഒരു ഭാഗത്തെ വേരുകള്‍ മണ്ണിന് മുകളിലാണ് .വേരുകളുടെ ബലം നഷ്ടപെട്ടതോടെ ശക്തമായ കാറ്റടിച്ചാല്‍ മരം വിഴുമെന്ന സ്ഥിതിയാണുള്ളത്. തണല്‍മരത്തിന് സമീപത്താണ് വെയിറ്റിംഗ് ഷെഡും ഓട്ടോറിക്ഷ സ്റ്റാന്‍ഡുംമുള്ളത്. ഗവ.എല്‍ പി സ്‌കൂളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ വാഹനം കാത്ത് നില്‍ക്കുന്നതും ഇവിടെത്തന്നെ. സമീപത്ത് തന്നെ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ളതിനാൽ അപകട സാഹചര്യം ഒഴിവാക്കാൻ അമിത വില ഒഴിവാക്കി ലേലം നടത്തി മരം മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE