canal-impact

വൈക്കത്ത് കെ വി കനാലിനരുകിലെ മണ്ണ് നീക്കാൻ നടപടിയെടുത്ത് വൈക്കം നഗരസഭ.കെ വി കനാലിന്റെ ആഴം കൂട്ടുന്നത്തിനായുള്ള പദ്ധതി നടപ്പാക്കിയെങ്കിലും കോരിയെടുത്ത മണ്ണും ചെളിയും കനാലരുകിൽ നിന്ന് നീക്കിയിരുന്നില്ല. ഇത് വീണ്ടും ഒലിച്ചിറങ്ങി പദ്ധതി പഴാവുന്നതിനെക്കുറിച്ച് മനോരമ ന്യൂസ്‌ വാർത്ത നൽകിയിരുന്നു

നഗരസഭയുടെ അനാസ്ഥമൂലം ഏഴ്  ലക്ഷം മുടക്കിയ കനാൽ ആഴം കൂട്ടൽ പദ്ധതി പാഴാകുന്നെന്ന വാർത്തയെ തുടർന്നാണ് നടപടി.വലിയാന പുഴ ഭാഗത്ത് നിന്നുള്ള കനാലരുകിലെ മണ്ണാണ് ഇന്നലെ രാവിലെ മുതൽ നീക്കാൻ തുടങ്ങിയത്. നഗരസഭക്ക് മുൻകൂർ കത്ത് നൽകിയ ശേഷമായിരുന്നു വൈക്കം മൈനർ ഇറിഗേഷൻ വകുപ്പ് കെ.വി.കനാൽ ആഴം കൂട്ടൽ പദ്ധതി തുടങ്ങിയത്. 710 മീറ്റർ കനാലിലെ മാലിന്യങ്ങൾ നീക്കിയായിരുന്നു ജൂണിൽ  ആഴം കൂട്ടിയത്. ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എൻജിനിയർ മൂന്ന് കത്ത് നൽകിയിട്ടും കനാലിനോട് ചേർന്ന് കൂട്ടിയിട്ട മണ്ണും ചെളിയും നഗരസഭ നീക്കാതിരുന്നതായിരുന്നു പ്രതിസന്ധി. മണ്ണ് ലേലത്തിൽ നൽകി വരുമാനം നേടാമെന്നിരിക്കെ നഗരസഭയുടെ കുറ്റകരമായ അനാസ്ഥക്കെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഫണ്ടില്ലെന്ന് പറഞ്ഞ് പല പദ്ധതികൾക്കും നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന നഗരസഭയുടെ ആസൂത്രണമില്ലായ്മക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.രണ്ട് ദിവസത്തിനുള്ളിൽ മണ്ണ് മുഴുവനും നീക്കം ചെയ്യാനാണ് തീരുമാനം