
തൃശൂര്‍ ജില്ലയില്‍ വീണ്ടും മിന്നല്‍ചുഴലി. ഇന്നു പുലര്‍ച്ചെ നാലരയ്ക്കാണ് ചാലക്കുടി, മുരിങ്ങൂര്‍ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ചാലക്കുടി പുഴയുടെ തീരത്തായിരുന്നു ചുഴലിയുടെ വരവ്. പടിഞ്ഞാറെ ചാലക്കുടി, മുരിങ്ങൂര്‍ എന്നീ രണ്ടു ഭാഗങ്ങള്‍. ഒട്ടേറെ മരങ്ങള്‍ കടപുഴകി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. വീടുകളുടെ മേല്‍ക്കൂരയായി സ്ഥാപിച്ചിരുന്ന ഇരുമ്പു ഷീറ്റ് പറന്നുപോയി. സെക്കന്‍ഡുകള്‍ മാത്രമാണ് കാറ്റ് വീശിയത്. പക്ഷേ, കാറ്റിന്‍റെ തീവ്രത അതിശക്തമായിരുന്നു. മുന്‍വശത്തുള്ള വൻ ആൽമരം കടപുഴകി വീണു. തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി റോഡിലെ മരങ്ങൾ മുറിച്ചു നീക്കി. മഹാപ്രളയത്തിനു ശേഷം ചാലക്കുടി പുഴയുടെ തീരത്തു വീശുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.
പുലര്‍ച്ചെ സമയമായതിനാല്‍ ആളുകള്‍ പുറത്തുണ്ടാകാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ഇരുമ്പുഷീറ്റിട്ട മേല്‍ക്കൂരകള്‍ തൊട്ടടുത്ത പറമ്പിലേക്കാണ് പറന്നു വീണത്. മൂന്നു ദിവസം മുമ്പായിരുന്നു വരന്തരപ്പിള്ളി, നന്തിപുലം മേഖലയെ പിടിച്ചുകുലുക്കിയ ചുഴലിക്കാറ്റ് വീശിയത്. വെളുപ്പിനാണ് എല്ലായിടത്തും കാറ്റു വീശിയത്.