
അട്ടപ്പാടി പുതൂർ കടുകുമണ്ണ ആദിവാസി കോളനിയിലെ അംഗൻവാടി കുട്ടികളുടെ പഠനം പ്രതിസന്ധിയിൽ. ചോര്‍ന്നൊലിക്കുന്ന കെട്ടിടം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നവീകരണം വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതല്ലാതെ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി മുളയിൽ മണ്ണ് തേച്ചുണ്ടാക്കി പണിതീര്‍ത്ത ഷെഡ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പന്ത്രണ്ട് കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. വാഹന സൗകര്യമില്ലാത്തതിനാൽ ഊരിലെ കുരുന്നുകള്‍ക്ക് ഏക ആശ്രയം ഈ അംഗൻവാടിയാണ്. കിലോമീറ്ററുകൾ അകലെയുള്ള ചിണ്ടക്കിയിൽ നിന്നാണ് അധ്യാപികയെത്തുന്നത്.
വാഹന സൗകര്യമില്ലാത്തതിനാല്‍ രണ്ട് കിലോമീറ്ററിലധികം വനത്തിലൂടെ കാല്‍നടയായാണ് അധ്യാപിക അംഗന്‍വാടിയിലെത്തേണ്ടത്. ഇതിന് പുറമെയാണ് ചോര്‍ന്നൊലിക്കുന്ന കെട്ടിടമെന്ന പരിമിതി. ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ച് കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വൈദ്യുതിയില്ലാത്തതിനാല്‍ പലപ്പോഴും അംഗന്‍വാടി കെട്ടിടത്തിനുള്ളിൽ ഇരുട്ടാണ്. പ്രദേശത്തെ മറ്റ് ഊരുകളിലെ അംഗൻവാടികളുടെ അവസ്ഥയും ഇത്തരത്തിലാണെന്ന് ആദിവാസികൾ പറയുന്നു. കൃത്യമായ രൂപരേഖ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും വേഗം പരിഹാരം കാണുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.