വെള്ളവും വെളിച്ചവുമില്ല; സാമൂഹ്യവിരുദ്ധരുടെ താവളം; നോക്കുകുത്തിയായി പകൽവീട്

നോക്കുകുത്തിയായി കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി പണികഴിപ്പിച്ച പകല്‍വീട്.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വൈദ്യുതി കണക്ഷനും കുടിവെള്ളവും ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച കെട്ടിടം മദ്യപാനികളുടെയും സാമഹ്യവിരുദ്ധരുടെയും താവളമാവുകയാണെന്നാണ് നാട്ടുകാരുടെ പരാതി

പകല്‍സമയങ്ങളില്‍ വീടുകളില്‍ ഒറ്റയ്ക്കാവുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ഒത്തുകൂടുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ കെട്ടിടം നിര്‍മിച്ചത്. തൊട്ടുമുന്നില്‍ വൈദ്യുതി ലൈനുണ്ടെങ്കിലും കണക്ഷന്‍ ലഭിച്ചിട്ടില്ല. ആരും തിരിഞ്ഞുനോക്കാനില്ലാതായതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി.

തിടനാട് പഞ്ചായത്ത് ഓഫീസിനടുത്ത്  പാക്കയം തോടിനോട് ചേര്‍ന്നാണ് വയോജനങ്ങള്‍ക്കായി ഇങ്ങനെയൊരു പകല്‍വീട് നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപ മുടക്കിയായിരുന്നു നിര്‍മാണം. 2018-ല്‍ നിര്‍മാണം തുടങ്ങി   2020ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതിനിടെ കെട്ടിടത്തിന്റെ നിർമാണം തോടിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തിയെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം .

കെട്ടിടം ഉപയോഗയോഗ്യമാക്കുന്നതിന് കഴിഞ്ഞ കമ്മറ്റിയില്‍ തീരുമാനിച്ചതായും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.20 ലക്ഷം മുടക്കി പണിതകെട്ടിടം കൊണ്ട് ഇനിയെങ്കിലും പ്രയോജനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം