വികസനമുന്നേറ്റം എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ വൈക്കം താലൂക്കാശൂപത്രിയിലെ നാൽപത്തി ഒന്നര കോടിയുടെ കെട്ടിട നിർമ്മാണം നാല് മാസമായി മുടങ്ങിക്കിടക്കുന്നു. കരാറുകാരന് കൊടുക്കേണ്ട തുക നൽകാത്തതാണ് നിർമാണം നിലയ്ക്കാൻ കാരണം. എന്നാൽ ഭാരപരിശോധനക്കായി പണി നിർത്തിയതാണെന്നാണ് അധികൃതരുടെ ന്യായ വാദം.
കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം മുൻമ്പാണ് വൈക്കം താലൂക്കാശുപത്രിയിൽ ബഹുനില കെട്ടിട നിർമ്മാണം തുടങ്ങിയത്. കേരള ഹൗസിംഗ് ബോർഡിന്റെ ചുമതലയിലായിരുന്നു നിർമാണം . ആറേക്കറിലധികം വരുന്ന കായലോരത്തെ ആശുപത്രി പ്രവർത്തനം ഒറ്റക്കെട്ടിടത്തിലാക്കി സൗകര്യം മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ 255 പൈലുകൾ നിർമ്മിക്കേണ്ടത്തിൽ 190 എണ്ണം പൂർത്തിയായപ്പോഴായിരുന്നു പ്രതിസന്ധിയെന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾ പറഞ്ഞു... ഇതോടെയാണ് ഭാരപരിശോധനക്കായാണ് പണി നിർത്തിയെന്ന വാദവുമായി അധികൃതർ രംഗത്തെത്തിയത് . എന്നാൽ ഭാരപരിശോധന കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ലെന്നു മാത്രമല്ല പല ഉപകരണങ്ങളും കരാറുകാരൻ കൊണ്ടുപോകുകയും ചെയ്തു.
മാസങ്ങളായി പ്രവർത്തിക്കാത്ത ചില ഉപകരണങ്ങളുടെ അറ്റകുറ്റപണികളുമായി ഏതാനും തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെ ഉള്ളത്.സാധാരണക്കാരായ ആയിരക്കണക്കിനാളുകൾക്ക് ആധുനികസൗകര്യങ്ങളോടെ ചികിൽസ ലഭ്യമാക്കാനുള്ള നാലുനില കെട്ടിട നിർമ്മാണമാണ് ബന്ധപ്പെട്ടവരുടെ അവഗണനയിൽ മുടങ്ങിക്കിടക്കുന്നത്. അതേസമയം ബിൽ ഹാജരാക്കാൻ കരാറുകാരൻ താമസിച്ചത് മൂലമാണ് പണം നൽകാൻ കഴിയാതെ വന്നതെന്നും കഴിഞ്ഞ ദിവസം രേഖകൾ ഹാജരാക്കിയപ്പോൾ ചില നടപടിക്രമങ്ങൾ കൂടി വേണ്ടി വന്നെന്നുമാണ് ഹൗസിംഗ് ബോർഡ് അധികൃതർ നൽകുന്ന വിവരം.