sabarigiri

പത്തനംതിട്ട ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും.. ജല സംഭരണികളിലെ ജല നിരപ്പ് 45%ൽ എത്തി. നീരൊഴുക്കും ശക്തമായി. എന്നാല്‍ പത്തനംതിട്ടയുടെ മറ്റ് ഭാഗങ്ങളില്‍ മഴ അത്ര ശക്തമല്ല.

കക്കി–ആനത്തോട് അണക്കെട്ടിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജല നിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ പെയ്തു.19.26 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തി.കഴിഞ്ഞ ദിവസത്തെക്കാൾ 3% വെള്ളം പെട്ടെന്ന് ഉയർന്നു. കക്കാട്ടാറ്റിലും, സായിപ്പിൻകുഴി തോട്ടിലും ഉയർന്ന നിലയിൽ നീരൊഴുക്ക് തുടരുന്നു. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതോൽപാദനത്തിനു ശേഷം പുറം തള്ളുന്ന വെള്ളമാണ് മൂഴിയാർ അണക്കെട്ടിൽ തടഞ്ഞ് നിർത്തി പവർ ടണൽ മുഖേന എത്തിച്ച് കക്കാട് പദ്ധതിയിൽ വൈദ്യുതോൽപാദനം നടത്തുന്നത്.. 

സായിപ്പിൻകുഴി തോട്ടിൽ നിന്നുള്ള വെള്ളവും മൂഴിയാർ അണക്കെട്ടിലാണ് എത്തുന്നത്. . കക്കാട്ടാറ്റിലെ ജല നിരപ്പ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ സ്വകാര്യ ജല വൈദ്യുത പദ്ധതികളായ അള്ളുങ്കൽ ഇ.ഡി.സി.എൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്,മണിയാർ കാർബോറാണ്ടം പദ്ധതി എന്നിവിടങ്ങളിലും പൂർണ തോതിലാണ് ജനറേറ്ററുകളുടെ പ്രവർത്തനം. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പെരുനാട് പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി ഷട്ട് ഡൗണിലായിരുന്നു.