തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിട്ട് ഇന്നത്തേയ്ക്കു ഒരു വര്‍ഷം തികയുന്നു. പതിനൊന്നായിരം നിക്ഷേപകര്‍ പണം തിരിച്ചുകിട്ടാതെ ഇപ്പോഴും പെരുവഴിയിലാണ്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചത് പതിനൊന്നായിരം ഇടപാടുകാര്‍. മൊത്തം നിക്ഷേപത്തുക മുന്നൂറ്റിപന്ത്രണ്ട് കോടി രൂപ. പെന്‍ഷന്‍ തുക നിക്ഷേപിച്ചവരുണ്ട്. ദിവസ വേതനത്തില്‍ മിച്ചംപിടിച്ച തുക നിക്ഷേപിച്ചവരുണ്ട്. വിവാഹ ആവശ്യത്തിനു പണം നിക്ഷേപിച്ചവരുണ്ട്. ഇവര്‍ക്കൊന്നും ഇനിയും പണം തിരിച്ചുകിട്ടിയിട്ടില്ല. ഗഡുക്കളായാണ് പണം തിരിച്ചു കൊടുക്കുന്നത്. അതും ആവശ്യങ്ങള്‍ വിലയിരുത്തിയ ശേഷം. നിലവില്‍ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാണ് ഭരണം. കോടികളുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്. നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കുറ്റപത്രം ഇനിയും സമര്‍പ്പിച്ചിട്ടില്ല.
ജീവനക്കാരും ഇടനിലക്കാരുമായി ആറു പേരെ ആദ്യം പിടികൂടി. ബാങ്ക് ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങളും അറസ്റ്റിലായി. ഇവരെല്ലാം, ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ പതിനാറു ഉദ്യോഗസ്ഥരേയും തിരിച്ചെടുത്തു. പണം തട്ടിയവരുടെ സ്വത്തുക്കള്‍ ഇനിയും കണ്ടുക്കെട്ടിയില്ലെന്നാണ് ആക്ഷേപം. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപികരിച്ച് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. അതെല്ലാം പാഴായി. കേരള ബാങ്ക് ഇടപെടുമെന്ന വാഗ്ദാനങ്ങളും നടപ്പായില്ല.