വൈക്കം കായലോര ബീച്ചിലെ ശിൽപോദ്യാനം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു

വൈക്കം കായലോര ബീച്ചിലെ ശിൽപോദ്യാനം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു.   11ലക്ഷം രൂപാ മുടക്കി ലളിതകലാ അക്കാദമി സ്ഥാപിച്ച പത്തോളം ശിൽപങ്ങളാണ്  തീരമിടിഞ്ഞ് കായലെടുക്കുന്ന സ്ഥിതിയിലായിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തിൻ്റെ സ്മരണയായി നിർമ്മിച്ച് നഗരസഭക്ക് കൈമാറിയ ശിൽപോദ്യാനമാണ് ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നത്.

ഏഴു വർഷം മുമ്പാണ് ലളിതകലാ അക്കാദമി കായലോര ബീച്ചിനോട്‌ ചേർന്ന് ഈ ശിൽപോദ്യാനം തീർത്തത്. 10 കലാകാരൻമാരാണ് വൈക്കത്ത് താമസിച്ച് ശിൽപോദ്യാനം ഒരുക്കിയത്.ആറുമാസത്തെ  വഴിയോര ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു നിർമ്മാണം.    ശില്പങ്ങളിൽ പലതിലും സിമിൻ്റ് അടർന്ന് വിള്ളൽ വീണ നിലയിലാണ്.ഒരു വർഷം മുൻപ്‌ കായലിലെ ജലനിരപ്പ് ഉയർന്ന് 200 മീറ്ററോളം തീരത്തെ കൽക്കെട്ട് ഇടിഞ്ഞിരുന്നു. ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്ന അടിത്തറയിലെ മണ്ണ് ഒലിച്ച് പോയി സിമൻ്റ് ടൈലുകളുംതകർന്ന നിലയിലാണ്. ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപണി നടത്താനാവില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. 

ശില്പ സംരക്ഷണത്തിനായി ലളിതകലാ അക്കാദമിയുടെ സഹായം തേടിയിട്ടുണ്ട്. 10 ശില്പികളുടെയും സഹായത്തോടെ തന്നെ നവീകരണം നടത്താമെന്നാണ് പ്രതീക്ഷ. എന്നാൽ തീരം സംരക്ഷിക്കാനോ മാലിന്യം നീക്കി ഉദ്യാനം വൃത്തിയാക്കാനോ നടപടി ഇല്ലാത്തതാണ്  ചരിത്ര സത്യഗ്രഹത്തിൻ്റെ പേരിലുള്ള ഈ ശിൽപോദ്യാനത്തിന് വെല്ലുവിളിയാകുന്നത്