റയിൽവേ സ്റ്റേഷനോട് അവഗണന; പൗരസമിതിയുടെ നേതൃത്വത്തിൽ മാർച്ച്

കടുത്തുരുത്തി-വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവ്വേഷൻ സൗകര്യവും ആവശ്യത്തിന് സ്റ്റോപ്പുകളുമില്ലെന്ന് പരാതി.15 കോടിയോളം രൂപ മുടക്കി സ്റ്റേഷൻ നവീകരിച്ചതിന് ശേഷമാണിത് . അവഗണനയിൽ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ റയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.

പാത ഇരട്ടിപ്പിക്കലും സ്റ്റേഷൻ നവീകരണവുമെല്ലാം നടത്തിയെങ്കിലും ഇവിടെ എത്തുന്ന യാത്രക്കാർക്ക് എന്ത് പ്രയോജനമെന്നാണ് പൗരസമിതിയുടെ ചോദ്യം.15 കോടി മുടക്കി പ്ലാറ്റ്ഫോമുകളും വിശ്രമ ഇടങ്ങളും ഒരുക്കി.എന്നാൽ മെമു ട്രയിനുകൾക്ക് പുറമെ,നാമമാത്രമായ ട്രൈയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.ഇതിനാകട്ടെ റിസർവ്വേഷൻ സൗകര്യവുമില്ല . നിലവിൽ ഇരുവഴി പാഞ്ഞ് പോകുന്ന ഭൂരിഭാഗം ട്രയിനുകൾക്കും കൊടി കാണിക്കാൻ മാത്രമാണ് ജീവനക്കാർ എന്നാണ് ആക്ഷേപം.പരാതി പറഞ്ഞ് മടുത്തതോടെയാണ് സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്. പൗരസമിതിയുടെ നേതൃത്വത്തിൽ റയിൽവ്വേ സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.  മോൻസ് ജോസഫ് MLA ഉത്ഘാടനം ചെയ്തു.

പുതിയ സർവ്വീസായ വേളാങ്കണ്ണി എക്സ്പ്രസിനടക്കം ഏഴോളം എക്സ്പ്രസ് ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.  വഞ്ചിനാട്, വേണാട്, പരശുറാം, മലബാർ, പോലുള്ള തിരക്കുള്ള ട്രയിനുകൾക്ക് കൂടി സ്റ്റോപ്പനുവദിച്ചാൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും. ട്രയിൻ നിർത്തിയില്ലെങ്കിൽ പിന്നെന്തിനാണ് കോടികൾ മുടക്കിയുള്ള സ്റ്റേഷൻനവീകരണം എന്നാണ് നാട്ടുകാരുടെ സംശയം .