ആമചാടി തേവന്‍റെ സ്മൃതികൂടീരം തകർക്കാൻ നീക്കം; വീണ്ടെടുത്ത് കൊടികുത്തി കെപിഎംഎസ്

amachadi-thevan
SHARE

വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് ക്രൂര പീഡനമേറ്റുവാങ്ങിയ ആമചാടി തേവന്‍റെ സ്മൃതികൂടീരം തകർക്കാൻ നീക്കമെന്ന് പരാതി. വൈക്കത്തിന് സമീപം വേമ്പനാട്ട് കായലിൽ ആമചാടി തുരുത്തിലെ സ്മൃതികുടീരമാണ് സ്വകാര്യ വ്യക്തി രണ്ടടിയോളം ഉയരത്തിൽ മണ്ണിട്ട് മൂടിയത്. സംഭവമറിഞ്ഞെത്തിയ കെപിഎംഎസ് പ്രവർത്തകർ സ്മൃതികുടീരം വീണ്ടെടുത്ത് പ്രദേശത്ത് കൊടികുത്തി.

മണ്ണിനടിയിൽ ചെളിവെള്ളം മുടി കിടക്കുന്ന ഈ സ്മൃതികുടീരം ക്രൂര പീഡനം ഏറ്റുവാങ്ങിയ ഒരു നവോഥാന  പോരാളിയുടേതാണ്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്  കണ്ണിൽ ചുണ്ണാമ്പെഴുതി ജയിലിലടച്ച ആമചാടി തേവനോടുള്ള അവഗണനയുടെ കാഴ്ചകൂടിയാണിത്. സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ കഴിഞ്ഞെത്തിയപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട തേവന് സാമൂഹിക പരിഷ്കർത്താവായിരുന്ന ടി.കെ മാധവൻ ഇടപെട്ട തുരുത്തിൽ ഒരേക്കർ സ്ഥലം അനുവദിച്ചു.  എന്നാൽ തേവൻ്റെ മരണശേഷം സ്വകാര്യ വ്യക്തി തേവൻ്റെ വീടും ശവകുടീരവുമടങ്ങുന്ന 20 സെൻറ് കൈയ്യേറിയെന്നാണ് പരാതി. കായലിൽ നിന്ന് അനധികൃതമായി മണ്ണെടുത്താണ്   പ്രദേശം  നികത്തിയത്. സംഭവമറിഞ്ഞെത്തിയ ഉദയംപേരൂരിലെ കെപിഎംഎസ് പ്രവർത്തകർ സ്മൃതികുടീരം വീണ്ടെടുത്ത് പ്രദേശത്ത് കൊടികുത്തി. സ്‌മൃതികുടീരം അടിച്ചു തകർക്കാനും ശ്രമമുണ്ടായി.  

എറണാകുളം കണയന്നൂർ താലൂക്കിൽ ഉദയംപേരൂർ പഞ്ചായത്തിലാണ് ആമ ചാടി തുരുത്തിൽ തേവൻ്റെ വീടും സ്മൃതികുടീരവും സംരക്ഷിക്കാനാളില്ലാതെ കിടക്കുന്നത്. സ്മൃതികുടീരം കൈയ്യേറിനശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും നാശത്തിലായ വീടും സ്ഥലവും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് ആവശ്യം.  തമിഴ്നാട് സർക്കാരടക്കം സത്യഗ്രഹനേതാക്കളുടെ സ്മാരകങ്ങൾ വൈക്കത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്രൂര പീഡനമേറ്റ ധീര പോരാളിക്ക് കേരളം പരിഗണന നൽകിയിട്ടില്ല. 

MORE IN CENTRAL
SHOW MORE