TAGS

പൊതുമരാമത്ത് വകുപ്പിന്‍റെ ചതിയില്‍ പള്ളിയോടത്തിന് നീരണിയാന്‍ റോഡ് യാത്ര. ഓതറ പുതുക്കുളങ്ങരയുടെ പുതിയ പള്ളിയോടമാണ് റോഡില്‍ കൂടി നീരണിയാന്‍ എത്തിയത്. പള്ളിയോടങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയും വിധം കമാനമുള്ള പാലം നിര്‍മിക്കാമെന്ന വാഗ്ദാനം പൊതുമരാമത്ത് വകുപ്പ് ലംഘിച്ചതോടെയാണ് റോഡ് മാര്‍ഗം തിരഞ്ഞെടുക്കേണ്ടി വന്നത്.

ഓതറപുതുക്കുളങ്ങരയുടെ പള്ളിയോടത്തിന് തകരാര്‍ പറ്റിയതോടൊണ് പുതിയ പള്ളിയോടത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. കുട്ടനാടൻ മാതൃകയിൽ മധ്യഭാ​ഗം ഉയർത്തി നിർമിക്കുന്ന മഴവിൽ പാലമാണ് നിർമിക്കുന്നതെന്ന വാക്ക് വിശ്വസിച്ചാണ് പുതുക്കുളങ്ങര കരക്കാർ പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്‍റെ നിർമാണം തുടങ്ങിയത്. പല പ്രാവശ്യം പാലത്തിന്റെ ഉയരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പള്ളിയോടം കടന്നു പോകും എന്നായിരുന്നു മറുപടി. എന്നാല്‍ പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലും ഇല്ലാത്ത പാലമാണ് ഇവിടെ നിർമിച്ചത്. പാലത്തിന് അടിയിലൂടെ പോകില്ല എന്നുറപ്പായതോടെ പള്ളിയോടം കരയിലൂടെ അരക്കിലോമീറ്ററോളം ദൂരം പച്ചമടലുകൾ നിരത്തി നിരക്കി നീക്കി പമ്പാതീരത്ത് എത്തിച്ചു.

പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വടക്കു വശത്തെ മതിൽ പൊളിച്ച് വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദി പമ്പയുടെ തീരത്ത് എത്തിച്ചത്.  ഓഗസ്റ്റ് 21ന് ആണ് നീരണിയല്‍. അതിന് മുന്നോടിയായി ചില പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്. 2018 ലെ പ്രളയത്തിലാണ് പുതുക്കുളങ്ങരയിലെ പള്ളിയോടത്തിന് സാരമായ കേടുപാട് പറ്റിയത്.