കുടിവെള്ളത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. രാഷ്ട്രീയപ്പോര് തുടരുന്നു. കലക്കവെള്ളം വിതരണ ചെയ്ത മാസങ്ങളിലെ വെള്ളക്കരം റദ്ദാക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. മേയ് മുതല്‍ നല്ലവെള്ളം നല്‍കുമെന്നാണ് എല്‍.ഡി.എഫിന്റെ വാഗ്ദാനം. 

എല്ലാക്കാലത്തും ഡാമിന്റെ അടിത്തട്ടില്‍ നിന്നാണ് പീച്ചിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്തിരുന്നതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. പുതിയ പ്ലാന്റ് സ്ഥാപിച്ചതിലെ പ്രശ്നം മറച്ചുവയ്ക്കാനാണ് മേയറുടേയും കൂട്ടരുടേയും ശ്രമം. കോര്‍പറേഷന്‍ സൗജന്യമായി എല്ലായിടത്തും കുടിവെള്ളം വിതരണം ചെയ്യണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, തൃശൂരിന്റെ ഭരണക്കാലത്തില്‍ ഭൂരിഭാഗവും ഭരിച്ച കോണ്‍ഗ്രസ് കുടിവെള്ള പദ്ധതികളില്‍ അലംഭാവം കാട്ടിയെന്ന് സി.പി.എം. ആരോപിച്ചു. 

കലക്കവെള്ളത്തെ ചൊല്ലിയുള്ള ബഹളവും വാക്കേറ്റവും കയ്യാങ്കളിയിലും വധശ്രമക്കേസുകളിലും കലാശിച്ചിരുന്നു. മേയര്‍ക്കെതിരായും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളത്തില്‍ പിടിച്ച് കോര്‍പറേഷന്‍ നേതൃത്വത്തിന് എതിരെ ക്യാംപയിന്‍ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

------------------