ദേശീയപാത വികസനം; കായംകുളം കെപിഎസിക്കു മുന്നിലെ സ്തൂപം പൊളിച്ചു നീക്കി

നാടകത്തെക്കുറിച്ച് പറയുമ്പോള്‍ കെപിഎസിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. കായംകുളത്തെത്തുന്നവരെ കെപിഎസി എന്ന് ഓര്‍മിപ്പിക്കുന്ന ശില്‍പമുണ്ടായിരുന്നു ദേശീയപാതയ്ക്കരികില്‍. വിപ്ലവ സ്മരണകൾ ഉണർത്തി കെപിഎസി അങ്കണത്തിൽ സ്ഥാപിച്ചിരുന്ന സ്തൂപം ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുനീക്കി.

കര്‍ഷകന്‍റെയും തൊഴിലാളിയുടെ പോരാട്ടവീര്യത്തിന്‍റെ അടയാളമായിരുന്നു കായംകുളം കെപിഎസിക്കു മുന്നിലെ ഈ ശില്പം. കമ്മ്യൂണിസ്റ്റ് സമരവീര്യത്തിന്റെ അടയാളമായി  നിലകൊണ്ടു ദേശീയപാതയ്ക്കരികിലെ ഈ സ്തൂപം . ദേശീയ പാതവികസനത്തിനായി ഇത് പൊളിച്ചുനീക്കി.1980 ആണ് സ്തൂപം സ്ഥാപിച്ചത്. കെപിഎ സി ആസ്ഥാനത്തിന് മുന്നിൽ മറ്റ് ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.  സാഹിത്യകാരനായിരുന്ന മലയാറ്റൂർ രാമകൃഷ്ണനായിരുന്നു കെപിഎസിയുടെ ഈ മുദ്രയ്ക്ക് ആശയം നല്‍കിയത്.സ്തൂപം നിർമിച്ചത് കേശവൻ കുട്ടി എന്ന ശിൽപിയും.

തോപ്പില്‍ഭാസിയുടെയും കാമ്പിശേരിയുടെയും ദേവരാജന്‍റെയും ഒഎന്‍വിയുടെയുമൊക്കെ ഓര്‍മകള്‍പേറുന്ന ഇടമാണ് കെപിഎസി. ചരിത്ര സ്മരണകളുടെ  രംഗവേദിയായ കെപിഎസി യിലെ ഓഡിറ്റോറിയം അടക്കമുള്ള കെട്ടിടങ്ങളും ഭാഗീകമായി പൊളിച്ചു നീക്കും.