നാലു വര്‍ഷമായി തുടരുന്ന വെള്ളക്കെട്ട് നീക്കാന്‍ കൈനകരി വലിയകരി പ്രദേശത്തെത്തിച്ച പമ്പുകള്‍ നോക്കുകുത്തികളായി. പാടശേഖരത്തില്‍ നിന്ന് വെള്ളം വറ്റിക്കാനെത്തിച്ച പമ്പുകള്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പമ്പുപയോഗിച്ച് ജലം വറ്റിക്കുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൈനകരി വലിയകരി പ്രദേശത്ത് വര്‍ഷങ്ങളായി തുടരുന്ന ദുരിതത്തെക്കുറിച്ചാണ് നാട്ടുകാര്‍ പറയുന്നത്. പാടശേഖരത്തില്‍ മടവീണ് വെള്ളം കയറിയിട്ട് നാലുവര്‍ഷമായി .വീടുകളിലെല്ലാം വെള്ളക്കെട്ടാണ്,പറയാവുന്നിടത്തെല്ലാം പരാതി നല്‍കി. ഫലമൊന്നുമുണ്ടായില്ല.ഒടുവില്‍ വെള്ളം വറ്റിക്കാന്‍ കൊണ്ടുവന്ന പമ്പുകള്‍ നോക്കുകുത്തികളായി.
പമ്പുകള്‍ ഒരു ദിവസം ഏതാനും മണിക്കൂര്‍മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സഹികെട്ട ജനങ്ങള്‍ പാടത്ത് നിന്ന് വെള്ളംകോരി പ്രതീകാത്മകമായി പ്രതിഷേധിച്ചു.വെള്ളക്കെട്ട് നീക്കാന്‍ ജനകീയസമതിയുണ്ടാക്കി പണപ്പിരിവൊക്കെ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മടവീഴ്ചയുണ്ടാകാത്ത രീതിയില്‍ ബണ്ട് കെട്ടുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.