എറണാകുളം വടക്കൻ പറവൂരിലെ കുറുമ്പത്തുരുത്തിനെയും, ഗോതുരുത്തിനെയും ബന്ധിപ്പിച്ച് പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍. കോവിഡിന് പിന്നാലെ ഫെറി സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്. ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തില്‍ നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കുറുമ്പത്തുരുത്തിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് മറുകര താണ്ടാനൊരു പാലം. പഞ്ചായത്ത്, വില്ലേജ്, കൃഷിഭവൻ, താലൂക്കാശുപത്രി പറവൂർ ടൗൺ എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ മറുകരയെത്തിയേ പറ്റൂ. പെരിയാറിന് കുറുകെ കുറുമ്പത്തുരുത്തിനെയും, ഗോതുരുത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമ്മിച്ചാൽ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഇവിടെയുണ്ടായിരുന്ന ഫെറി സർവീസ് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയിരുന്നു.
കിലോമീറ്ററുകൾ ചുറ്റിയാണിപ്പോൾ ദ്വീപ് നിവാസികൾ ടൗണിലേക്കും മറ്റും എത്തുന്നത്. അടുത്ത മാസം വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിദ്യാർഥികൾക്ക് ദുരിതം ഇരട്ടിയാകും. പാലം യാഥാർഥ്യമായാൽ കുറുമ്പത്തുരുത്തുകാർക്ക് മാത്രമല്ല തുരുത്തിപ്പുറം, തുരുത്തൂർ, ചാത്തേടം തുടങ്ങി പുത്തൻവേലിക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ളവർക്ക് പറവൂർ ടൗണിലെത്താനുള്ള എളുപ്പവഴിയുമാകും.