വൈക്കം നഗരസഭയ്ക്ക് നൽകിയ കായലോര ബീച്ച് തിരിച്ചെടുക്കാൻ റവന്യൂ വകുപ്പ്; പ്രതിഷേധം

വൈക്കം നഗരസഭക്ക് ഉടമസ്ഥാവകാശം നൽകിയ കായലോര ബീച്ച് തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു വകുപ്പിനെതിരെ സിപിഎം അടക്കം പ്രതിഷേധവുമായെത്തിയതോടെ ഉദ്യോഗസ്ഥ നടപടി  വിവാദമാവുകയാണ്. സി.കെ ആശ എംഎൽഎയുടെ പിന്തുണയോടെയാണ് നഗരസഭക്കെതിരായ റവന്യു വകുപ്പിന്റെ  നീക്കമെന്നാരോപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തി.

വൈക്കം നഗരസഭക്ക് മൂന്ന് പതിറ്റാണ്ട് മുമ്പാണ് സർക്കാർ കായലുൾപ്പടെ 6 ഏക്കർ 80 സെന്റ് സ്ഥലം നൽകിയത്. കളിസ്ഥലവും സ്റ്റേഡിയവും നിർമ്മിക്കാനായിരുന്നു പദ്ധതി. തീരദേശ പരിപാലന നിയമപ്രകാരം നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായതോടെ നഗരസഭ ഇവിടം  കായലോര ബീച്ചാക്കി. സിപിഎമ്മിന്റെ  പി.കെ.ഹരികുമാർ ചെയർമാനായിരിക്കെയായിരുന്നു ബീച്ചിന്റെ  നിർമാണം. 50 സെന്റ് സ്ഥലം നഗരസഭ കെടിഡിസിക്ക് വിട്ടു നൽകി. ശേഷിക്കുന്ന 6 ഏക്കർ 30 സെന്റ് സ്ഥലത്തെ ചൊല്ലിയാണ് വിവാദം. ബീച്ചിന്റെ ഉടമസ്ഥാവകാശം തിരിച്ചെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 28 തീയതി വിചാരണക്കെത്താൻ ആവശ്യപ്പട്ട് റവന്യു വകുപ്പ് നോട്ടീസ് നൽകി. 

ഇതിനിടെ ബീച്ചിൽ 9 കോടിയുടെ വികസന പദ്ധതി  നടപ്പാക്കുന്നതിൽ നിന്ന് നഗരസഭയെ എംഎൽഎ ഒഴിവാക്കിയതായി പരാതി ഉയർന്നിരുന്നു. പദ്ധതിയുടെ മറവിൽ ഭൂമി സ്വകാര്യ ലോബിക്ക് കൈമാറാനാണ് നീക്കമെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. റവന്യൂ നടപടിക്കെതിരെ വേണ്ടി വന്നാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നഗരസഭ കൗൺസിൽ തീരുമാനം.