കരിമണൽ ഖനനം; സമരം നൂറാം ദിവസത്തിലേക്ക്; പ്രക്ഷോഭത്തിന് നീക്കം

ആലപ്പുഴ തോട്ടപ്പള്ളിയില്‍  കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം നൂറാം  ദിവസത്തിലേക്ക്. മല്‍സ്യബന്ധനത്തിന് പകരം തീരദേശത്ത് ഇന്ന് ഖനനബന്ധന പ്രക്ഷോഭം  നടത്താനാണ് സമരസമിതിയുടെ തീരുമാനം. നിയമം ലംഘിച്ച് നടത്തുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം 100 –ാം ദവസത്തിലേക്ക് കടക്കുമ്പോള്‍ ഖനനബന്ധന പ്രക്ഷോഭം നടത്താനാണ് സമരസമിതിയുടെ തീരുമാനം. കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കിക്കളയാനെന്ന പേരില്‍ നടത്തുന്നത് ഖനനമാണെന്നാണ് പരാതി. യാതൊരുപഠനവും നടത്താതെയാണ്  കരിമണല്‍ഖനനം നടത്തുന്നതെന്ന് ആരോപണമുണ്ട്. പൊതുമേഖല യുടെ പേരുപറഞ്ഞ് നടക്കുന്ന മണലെടുപ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണെന്ന് സമരപന്തലലിലെത്തിയ വി.എംസുധീരന്‍ കുറ്റപ്പെടുത്തി. ഇതെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

 ഖനനംമൂലം തീരദേശത്തെ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥയായെന്ന് ഖനന വിരുദ്ധസമിതി പറയുന്നു. ഖനനം മൂലം ആലപ്പുഴയുടെ തീരം ഇല്ലാതാകുമെന്ന് സമിതി പറയുന്നു.തീരപരിപാലനനിയമവും  പരിസ്ഥിതി നിയമങ്ങളും ലംഘിച്ചാണ്  ഖനനം നടക്കുന്നതെന്നും ആരോപണമുണ്ട്. കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം.