തകര്‍ന്ന് തരിപ്പണമായി തകഴി റോഡ്; കാല്‍നടയാത്രപോലും ദുസഹം; പ്രതിഷേധം

കാൽ നടയാത്രക്ക് പോലും പ്രയോജനപ്പെടാതെ തകര്‍ന്നു കിടക്കുന്ന റോഡ്.  ആലപ്പുഴ തകഴിയിലെ ആശുപത്രി റോഡിനാണ് ഈ ദുരവസ്ഥ. റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവോണനാളില്‍  സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ

2010 ൽ ജില്ലാ പഞ്ചായത്താണ് തകഴി ആശുപത്രി റോഡ് നിർമിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് കുഴിച്ചതോടെ ഇതുവഴി ഒരാൾക്കു പോലും നടക്കാൻ കഴിയാത്ത സ്ഥിതിയായി. മഴയെത്തിയതോടെ റോഡ് പൂർണമായും തകർന്നു.ഇപ്പോൾ റോഡിന് പകരം കുഴികൾ മാത്രം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ്  ബഹിഷ്ക്കരിക്കുമെന്ന് നാട്ടുകാർപ്രഖ്യാപിച്ചതോടെരാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഇടപെട്ട് റോഡ് പുനർനിർമിക്കുമെന്ന് വാഗ്ദാനം നല്‍കി.എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.റോഡ് ഗതാഗതയോഗ്യമാക്കാന്‍  പ്രദേശവാസികൾ പൊങ്കാലയിട്ടുവരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അവഗണനയില്‍ പ്രതിഷേധിച്ച് തിരുവോണ നാളിൽ നിരാഹാര സമരം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.തകഴി ആശുപത്രിയിൽ പ്രതിദിനം നൂറുകണക്കിന് രോഗികളാണെത്തുന്നത്. റോ‍ഡ് തകര്‍ന്നതോടെ ഇവരും വലയുകയാണ്.