annam-punnyam-project

TAGS

ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ പുനർജ്ജനി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കിയ അന്നം പുണ്യം ജനകീയ പദ്ധതി  ശ്രദ്ധേയമാകുന്നു . ലോക്ക് ഡൗൺ സമയത്ത് കോവിഡ് ബാധിതരുടെയും കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ട് മനസിലാക്കിയാണ് പദ്ധതി തുടങ്ങിയത്. കോവിഡ് കഴിഞ്ഞാലും  കിടപ്പു രോഗികൾക്കായി സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടരാനാണ് തീരുമാനം. വിഡിയോ റിപ്പോർട്ട് കാണാം 

എഴുനൂറോളം പേർക്ക് പ്രതിദിനം പ്രഭാത ഭക്ഷണവും കോവിഡ് ബാധിച്ച വീടുകളിൽ മിൽമ പാലും എത്തിക്കുന്നതാണ് അന്നം പുണ്യം പദ്ധതി . കോവിഡ് ബാധിതരായ വീട്ടമ്മമാർ പ്രഭാത  ഭക്ഷണം ഒഴിവാക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് പദ്ധതി തുടങ്ങിയത്. വീടുകളിൽ രാവിലെ എട്ടുമണിക്ക് മുൻപായി പ്രഭാത ഭക്ഷണം തയ്യാറാക്കി എത്തിക്കും. ലോക്ഡൗൺ മൂലം താൽക്കാലികമായി പ്രവർത്തനം നിർത്തിയ ഹോട്ടൽ ഏറ്റെടുത്ത് പാചകക്കാരെ ഏർപ്പെടുത്തിയാണ് പ്രഭാത ഭക്ഷണം തയാറാക്കുന്നത് . 

കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും പുനർജനി ട്രസ്റ്റും ചേർന്നാണ് വിഭവ സമാഹരണം നടത്തുന്നത്. രാവിലെ തന്നെ നാല്പതോളം വരുന്ന പ്രവർത്തകർ വിവിധ വാർഡുകളിൽ കോവിഡ് രോഗികൾക്കും ക്വാറന്റയിനിലുള്ളവർക്കും ഭക്ഷണ പൊതികൾ എത്തിച്ചു നൽകും.

ഇതുവരെ പതിനായിരത്തിൽപരം ഭക്ഷണ പൊതികളും മൂവായിരത്തിൽ അധികം  കവർ മിൽമ പാലും വിതരണം ചെയ്തു. കോവിഡ് കാലം കഴിഞ്ഞാലും കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി തുടരാനാണ് പ്രവർത്തകരുടെ തീരുമാനം.