റയില്‍വേ അടിപ്പാത നിർമാണം മുടങ്ങി; പാതയിൽവെള്ളം; യാത്രാ മാർഗമില്ല

വൈക്കം കല്ലുവേലിയില്‍ റയില്‍വേയുടെ അടിപ്പാത നിർമാണം മുടങ്ങി പാതയിൽവെള്ളം നിറഞ്ഞതോടെ യാത്രാമാർഗമില്ലാതെ നാട്ടുകാര്‍. അടിപ്പാതയുടെ മേൽക്കൂര നിർമാണം മുടങ്ങിയതോടെയാണ് പാതയിൽ രണ്ടാൾപ്പൊക്കത്തിൽ വെള്ളം നിറഞ്ഞത്. വാഹനയാത്രയ്ക്കടക്കം കഴിയാതെ അപകടകരമായി റെയില്‍പാത മുറിച്ചുകടക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

കല്ലുവേലിയിലെ റയിൽവെ ഗേറ്റ് ഒഴിവാക്കാനായി ഒരു വർഷം മുമ്പാണ് കോടികൾ മുടക്കി അടിപ്പാത നിർമാണം തുടങ്ങിയത്.  അടിപ്പാത പൂർത്തിയാക്കിയെങ്കിലും മേൽക്കൂര നിർമാണം മുടങ്ങി. പരിസരത്തെ പാടശേഖരങ്ങളില്‍ നിന്ന് നെല്ല് നീക്കാനും മറ്റുമുള്ള സൗകര്യത്തിനായി ലോറികള്‍ക്ക് 

കടന്നു പോകാന്‍ പാകത്തില്‍ താഴ്ത്തിയാണ് അടിപ്പാത നിര്‍മിച്ചത്. ഇത് വെള്ളക്കെട്ടിന് കാരണമായി. ഇറുമ്പയം മേഖലയിലെ മൂന്ന് വാർഡുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ യാത്രാസൗകര്യവും ഇതോടെ ഇല്ലാതായി. വാഹനയാത്രയ്ക്കായി അഞ്ച് കിലോമീറ്ററിലേറെ ചുറ്റിവരണം. ചതുപ്പ് 

മേഖലയിൽ മേല്‍പ്പാലം നിര്‍മിക്കാതെ അശാസ്ത്രീയമായി അടിപ്പാത നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍. 

ക്ഷീരകർഷകർക്ക് പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റെയില്‍പാത മുറിച്ചുകടക്കുന്നതിനിടെ പശുക്കൾ 

അപകടത്തിൽപ്പെടുന്നതും പതിവാണ്. ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വെള്ളക്കെട്ട് രൂക്ഷമായി പ്രദേശത്തെ വീടുകള്‍ക്കുള്‍പ്പെടെ കേടുപാടുണ്ടാകാന്‍ സാധ്യത ഏറെയാണ്. മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളം നീക്കാന്‍ ആലോചന നടന്നതല്ലാതെ നടപടിയായിട്ടില്ല.