ദുരിത കാലത്ത് കൈത്താങ്; കരുതലിന്‍റെ നല്ല മാതൃകയായി സ്റ്റുഡന്‍റ് പൊലീസ് കെഡറ്റുകള്‍

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മനുഷ്യ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും നല്ല മാതൃകകള്‍ ആവുകയാണ് മലയാറ്റൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കെഡറ്റുകള്‍. കോവിഡ് ദുരിതബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതിക്ക് അകത്ത് തങ്ങളുടെ ചെറിയ സമ്പാദ്യവും കൂടി നല്‍കിയാണ് ഇവര്‍ മാതൃകയാകുന്നത്.

  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയാറ്റൂര്‍ സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കെഡറ്റുകള്‍ അവരുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം, ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കാലടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. സ്വന്തം കൈപ്പടയിലെത്തിയ ആശംസാക്കുറിപ്പുകളും ഭക്ഷണപ്പൊതിക്കൊപ്പമുണ്ടായിരുന്നു. പൊലീസ് വിതരണം ഭക്ഷണപ്പൊതികള്‍ ലഭിച്ചവര്‍ സ്റ്റേഷനിലേക്ക് വിളിച്ച് നന്ദി അറിയിച്ചപ്പോഴും അഭിനന്ദിച്ചപ്പോഴും ആദ്യം കാര്യം മനസിലായില്ല. പിന്നീടാണ്  ഭക്ഷണപ്പൊതികള്‍ക്കുള്ളില്‍ പണവും ഉണ്ടായിരുന്നതായി പൊലീസുകാര്‍ അറിയുന്നത്. ഭക്ഷണപ്പൊതി നല്‍കിയത് ആരെന്ന് അന്വേഷിച്ചപ്പോഴാണ് സ്റ്റുഡന്‍റ് പൊലീസ് കെഡറ്റുകളാണെന്ന് മനസിലായത്. സമൂഹമാധ്യമങ്ങളിലും മറ്റും തങ്ങളെ പ്രശംസ കൊണ്ട് മൂടുന്നവരോട് പൊലീസുകാര്‍ക്ക് പറയാനുള്ളത് സ്കൂള്‍ കുട്ടികളുടെ നല്ല മനസിനെ കുറിച്ചാണ്.

 സംഭവം വൈറലായെങ്കിലും ഇത് ചെയ്തത് തങ്ങളാണെന്ന് ആരോടും പറയരുതെന്നായിരുന്നു കുട്ടികളുടെ അഭ്യര്‍ഥന. ഈ കാലത്ത് ഇത് തങ്ങളുടെ കടമയാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.