പമ്പിങ് കേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; 150 ഏക്കർ കൃഷിയിടം വെള്ളത്തിലായി

പമ്പിങ് കേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വെച്ചൂർ പുത്തൻകായലിലെ 150 ഏക്കർ കൃഷിയിടം വെള്ളത്തിലായി. വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ വർഷകാലം തുടങ്ങുന്നതോടെ പുത്തൻകായൽ ദ്വീപ് വെള്ളത്തില്‍ മുങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിൽ അഞ്ചാം ബ്ലോക്കിൽ മാത്രം 20 ലക്ഷത്തിലധികം രൂപയുടെ കൃഷി വെള്ളം കയറി നശിച്ചു. വിഡിയോ സ്റ്റോറി കാണാം. 

കായലിൽ നിന്ന് മൂന്നടിയോളം താഴ്ന്ന് നിൽക്കുന്ന 700 ഏക്കർ വരുന്ന മനുഷ്യനിർമിത ദ്വീപാണ് വൈക്കംവെച്ചൂരിലെ പുത്തൻകായൽ. കായലിൽ നിന്നുള്ള ചെളികുത്തി നിര്‍മിച്ച പുത്തന്‍കായലില്‍ തെങ്ങാണ് പ്രധാന കൃഷി. കാലക്രമേണ മത്സ്യകൃഷിയും വാഴ കൃഷിയുമടക്കം പുത്തന്‍കായലില്‍ വ്യാപിച്ചു. താഴ്ന്ന പ്രദേശമായിരുന്നതിനാൽ നിരവധി മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം കായലിലേക്ക് ഒഴുക്കിയാണ് ഇവിടെകൃഷി നടത്തുന്നത്. ഇതിൽ അഞ്ചാം ബ്ലോക്കിലെ 70 എച്ച്പിയുടെ പ്രധാന മോട്ടോറിന്‍റെ വൈദ്യുതിയാണ് കെഎസ്ഇബി വിച്ഛേദിച്ചത്. തുരുത്തിലെ സ്വകാര്യ ഹോം സ്റ്റേയുടെ പുറംബണ്ടിലാണ് മോട്ടോര്‍ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ 150 ഏക്കറിലെ തെങ്ങും വാഴയും മത്സ്യക്കൃഷിയും വെള്ളം കയറി നശിച്ചു. 70 ഏക്കറിലെ 13 കർഷകരുടെ മത്സ്യങ്ങൾ പൂർണ്ണമായി മലിനജലം കയറി നശിച്ചു. 13 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

പുറംബണ്ടിലെ പ്രധാന മോട്ടോർ പ്രവർത്തിച്ചാൽ മാത്രമെ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ. കഴിഞ്ഞ മൂന്ന് വർഷമായി കെഎസ്ഇബി ഈ പതിവ് തുടരുന്നു. കാർഷിക മേഖലയെ തകർത്ത് തുരുത്തിൽ പിടിമുറുക്കുന്ന റിയൽ എസ്‌റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് കെഎസ്ഇബിയുടെ നീക്കമെന്നും കർഷകർ സംശയിക്കുന്നു. കൃഷി വകുപ്പ് ആവശ്യപ്പെട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറായില്ലെന്നാണ് കർഷകരുടെ പരാതി.