പാടശേഖരത്തിലേക്കുള്ള വഴി അയല്‍വാസി അടച്ചുകെട്ടി; യുവ കര്‍ഷകന്റെ പരാതി

കോട്ടയം മാഞ്ഞൂരില്‍ പാടശേഖരത്തിലേക്കുള്ള വഴി അയല്‍വാസി അടച്ചുകെട്ടിയതായി പരാതി. യന്ത്രങ്ങള്‍ ഉള്‍പ്പെടെ പാടത്തേക്ക് എത്തിക്കാന്‍ കഴിയാത്തതിനാല്‍ കൊയ്ത്തുള്‍പ്പെടെ പ്രതിസന്ധിയിലാകും. സംഭവത്തില്‍ ഇടപെടലാവശ്യപ്പെട്ട് യുവ കര്‍ഷകന്‍ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പരാതി നല്‍കി. 

നാലര പതിറ്റാണ്ടിലേറെ തരിശുകിടന്ന മണിയംപാടത്ത് പുല്ലാപ്പള്ളി ജോമാനും കുടുംബവുമാണ് കൃഷിയിറക്കിയത്. നിലം ഒരുക്കിയെടുക്കാന്‍ മാത്രം 

ഒരുലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. അഞ്ചേക്കറില്‍ ഒന്നര ഏക്കറിലാണ് രണ്ട് മാസം മുന്‍പ് കൃഷി ഇറക്കിയത്. പാടത്തിന്‍റെ ബാക്കി ഭാഗത്ത് സ്വകാര്യ വ്യക്തി മത്സ്യകൃഷിയും തുടങ്ങി. ഈ വ്യക്തിയുടെ സ്ഥലത്തു കൂടിയായിരുന്നു ജോമോന്‍റെ പാടശേഖരത്തിലേക്കുള്ള വഴി. ഈ വഴിയാണ് അടച്ചുക്കെട്ടിയത്. 

ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് ജോമോന്‍റെ പരാതി. 

തരിശുപാടത്തിന്‍റെ ഒരു ഭാഗത്ത് പുറംബണ്ട് നിർമ്മിച്ച് മോട്ടോറടക്കം സ്ഥാപിച്ചാണ് ജോമോൻ കൃഷിയിറക്കിയത്. പാടത്തേക്കുള്ള വഴിയില്ലാതെ വന്നതോടെ നിലം ഉഴാതെ വിത്തിടേണ്ടിവന്നു. കൃഷി വകുപ്പ് നൽകിയ വിത്തിട്ട് മുപ്പതിനായിരം രൂപയോളം കൃഷിക്കായി മാത്രം മുടക്കുകയും ചെയ്തു. എന്നാൽ നിലവിൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ കഴിയാത്ത രീതിയിൽ മുള്ളുവേലി കെട്ടി വഴിയടച്ചതോടെ പ്രതിസന്ധിയിലാണ് ഈ യുവ കർഷകനും കുടുംബവും.