നടക്കാന്‍ വഴി പോലുമില്ലാത്ത 8കുടുംബങ്ങള്‍; ദുരിതത്തിന്‍റെ വെള്ളക്കെട്ടിൽ ഇവർ

പറവൂര്‍ കോട്ടുവള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നടക്കാന്‍ വഴി പോലുമില്ലാത്ത എട്ടുകുടുംബങ്ങള്‍. വേലിയേറ്റം കൂടി എത്തുന്നതോടെ ദുരിതത്തിന്‍റെ വെള്ളക്കെട്ടിലാണ് ഇവര്‍. വെള്ളം നിറഞ്ഞ നടവഴികള്‍ അപകടത്തിന്‍റെ കയങ്ങളുമാകാറുണ്ട്. 

   

ജീവന്‍ കയ്യില്‍ പിടിച്ചാണ് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ കൊണ്ടുണ്ടാക്കിയ ഈ കുഞ്ഞന്‍ പാലത്തിലൂടെ ഇവരുടെ യാത്ര. ഒരു വഴിയുമില്ലാതെയാണ് ഇവിടെ താമസിക്കുന്നവര്‍ ഈ വഴിയിലൂടെ പോകുന്നത്. ഏഴടിയോളം ആഴമുള്ള ചെമ്മീന്‍കെട്ടാണ് ചുറ്റും. ഒന്നു കാല് തെറ്റിയാല്‍ അപകടം ഉറപ്പ്.  ചെമ്മീന്‍ കെട്ടിന്റെ ഉടമസ്ഥരോടും കോട്ടുവള്ളി പഞ്ചായത്തിലും പല തവണ പ്രശ്നം ഉന്നയിച്ചപ്പോള്‍ വാഗ്ദാനങ്ങള്‍ വന്നു. അത് പിന്നെ വെള്ളത്തിലെ വരയായി. 

വഴി നിര്‍മിക്കാനുള്ള  അനുമതിയുണ്ട്. പക്ഷേ  അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കുന്നില്ല. 

 വഴി കിട്ടാന്‍ പഞ്ചായത്തിനുമുന്നില്‍ സമരം മാത്രമാണ് ഇവര്‍ക്കുമുന്നിലുള്ള വഴി.